ലണ്ടന്‍: ബ്രിട്ടനില്‍ കടുത്ത എംഒടി നിയമങ്ങള്‍ പ്രാബല്യത്തിലേക്ക്. നിലവിലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തന്നെ വാഹനം ടെസ്റ്റിന് വിധേയമാക്കണമെന്നാണ് പുതുക്കിയ നിയമം അനുശാസിക്കുന്നത്. ടെസ്റ്റില്‍ പരാജയപ്പെട്ടതിനു ശേഷം വാഹനം റോഡിലിറക്കിയാല്‍ ഡ്രൈവര്‍മാര്‍ കനത്ത തുക പിഴയായി നല്‍കേണ്ടി വരും. ലൈസന്‍സില്‍ പോയിന്റുകള്‍ വരിക, ഡ്രൈവിംഗില്‍ നിന്ന് വിലക്കപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങളെയും നേരിടേണ്ടി വരും. ഡേഞ്ചറസ്, മേജര്‍, മൈനര്‍ എന്നിങ്ങനെ മൂന്ന് തട്ടുകളായി വാഹനങ്ങളെ പുതിയ എംഒടി ടെസ്റ്റ് തരംതിരിക്കുന്നു. അയോഗ്യത കല്‍പ്പിക്കപ്പെടുന്ന വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു നാഷണല്‍ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തുമെന്നതിനാല്‍ പിടിക്കപ്പെടാനും എളുപ്പമാണ്. മെയ് 20 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലാകും.

ഡീസല്‍ വാഹനങ്ങളായിരിക്കും ഈ ടെസ്റ്റിന് ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുക. കടുത്ത എമിഷന്‍ നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നതിനാല്‍ പഴയ ഡീസല്‍ വാഹനങ്ങളില്‍ പലതും ഇനി റോഡ് കാണില്ല. പുതിയ തകരാര്‍ നിര്‍ണ്ണയത്തില്‍ പരിശോധകര്‍ക്ക് ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആര്‍എസി വക്താവ് സൈമണ്‍ വില്യംസ് പറഞ്ഞു. വിവിധ ഗരാഷുകള്‍ പല തരത്തിലായിരിക്കും ഇവയെ മനസിലാക്കുക. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ പല സ്റ്റാന്‍ഡാര്‍ഡുകള്‍ ഉണ്ടായേക്കും. ഡേഞ്ചറസ്, മേജര്‍ തകരാറുകള്‍ ഉടമകള്‍ക്കും ആശയക്കുഴപ്പമുണ്ടാക്കും. നിലവിലുള്ള പരിശോധനാ രീതിയനുസരിച്ച് എംഒടി നിലവാരം പുലര്‍ത്താത്ത വാഹനങ്ങള്‍ കൃത്യമായി റിപ്പയര്‍ ചെയ്ത് റോഡില്‍ ഇറക്കാവുന്നതാണ്.

പുതുക്കിയ നിയമമനുസരിച്ച് ഡേഞ്ചറസ് അല്ലെങ്കില്‍ മേജര്‍ തകരാറുകള്‍ കണ്ടെത്തിയ ഒരു വാഹനം സ്വാഭാവികമായും അയോഗ്യമാക്കപ്പെടും. ഡീസല്‍ വാഹനങ്ങള്‍ക്ക് കൂടുതല്‍ കടുത്ത നിയമങ്ങളാണ് നിലവില്‍ വരുന്നത്. എക്‌സ്‌ഹോസ്റ്റില്‍ നിന്ന് കൂടുതല്‍ പുക വരുന്നത് പോലും ഇവയുടെ അയോഗ്യതക്ക് മതിയായ കാരണമാണ്. 2016ല്‍ 204 മില്യന്‍ വാഹനങ്ങള്‍ക്ക് ആദ്യ ടെസ്റ്റ് നടത്തിയിട്ടുണ്ട്. 54.85 പൗണ്ടായിരുന്നു ഇതിന് ഉടമകള്‍ക്ക് ചെലവായത്. 85 ശതമാനം വാഹനങ്ങള്‍ ഈ ടെസ്റ്റില്‍ വിജയിച്ചു. 3,60,000 വാഹനങ്ങള്‍ ടെസ്റ്റില്‍ പരാജയപ്പെട്ടിട്ടുണ്ട്. ലൈറ്റുകള്‍, ടയറുകള്‍, ബ്രേക്കുകള്‍ എന്നിവയുടെ തകരാറുകള്‍ ടെസ്റ്റില്‍ പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളാണ്.

പുതിയ ചട്ടങ്ങളില്‍ റിവേഴ്‌സ് ലൈറ്റ്, ഫ്രണ്ട് ഫോഗ് ലൈറ്റ്, ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2009 സെപ്റ്റംബറിനു ശേഷം ഘടിപ്പിച്ച റിവേഴ്‌സ് ലൈറ്റ്, 2018 മാര്‍ച്ചില്‍ ഘടിപ്പിച്ച ഡേ ടൈം റണ്ണിംഗ് ലൈറ്റ്, ഇതേ കാലത്ത് തന്നെ ഘടിപ്പിച്ച ഫോഗ് ലൈറ്റ് മുതലായവ ടെസ്റ്റിന്റെ പരിധിയില്‍ വരും.