ഇന്ധനം നിറയ്ക്കണമെങ്കില്‍ ആദ്യം പണം നല്‍കണമെന്ന വ്യവസ്ഥ നിലവില്‍ വന്നേക്കും; നടപടി ഇന്ധനം നിറച്ച ശേഷം കടന്നുകളയുന്നത് തടയാന്‍

ഇന്ധനം നിറയ്ക്കണമെങ്കില്‍ ആദ്യം പണം നല്‍കണമെന്ന വ്യവസ്ഥ നിലവില്‍ വന്നേക്കും; നടപടി ഇന്ധനം നിറച്ച ശേഷം കടന്നുകളയുന്നത് തടയാന്‍
November 05 05:23 2018 Print This Article

വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനു മുമ്പ് പണം നല്‍കണമെന്ന വ്യവസ്ഥ നിലവില്‍ വന്നേക്കും. ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ കടന്നു കളയുന്ന പതിവിന് വിരാമമിടാന്‍ ലക്ഷ്യം വെച്ചാണ് നീക്കം. ഈ വിധത്തിലുള്ള കുറ്റങ്ങള്‍ക്കു പിന്നാലെ നടക്കാതെ വലിയ തോതിലുള്ള കുറ്റകൃത്യങ്ങളില്‍ ശ്രദ്ധയൂന്നാനാണ് പുതിയ നിര്‍ദേശമെന്ന് നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സിലിലെ സൈമണ്‍ കോള്‍ പറയുന്നു. പണം നല്‍കാതെ കടന്നുകളയുന്ന രീതി ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു ബിസിനസ് മോഡല്‍ വികസിപ്പിക്കാന്‍ കഴിയാത്തതില്‍ പെട്രോളിയം കമ്പനികളെ അദ്ദേഹം വിമര്‍ശിച്ചു. ഒട്ടേറെ രാജ്യങ്ങളില്‍ നിലവിലുള്ള ആദ്യം പണം നല്‍കുന്ന സമ്പ്രദായം നടപ്പില്‍ വരുത്തണമെന്ന് അദ്ദേഹം കമ്പനികളോട് ആവശ്യപ്പെട്ടു.

പണം നല്‍കാതെ കടന്നുകളയുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലീസ് മേധാവിമാര്‍ ഈ നീക്കം അവതരിപ്പിക്കുന്നത്. വര്‍ഷത്തില്‍ 25000 സംഭവങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പെട്രോള്‍ വില കൂടിയതിനു ശേഷം 40 ശതമാനം വര്‍ദ്ധനവും ഇവയില്‍ ഉണ്ടായിട്ടുണ്ട്. 50 പൗണ്ടില്‍ താഴെയുള്ള തുക നല്‍കാതെ പോകുന്ന സംഭവങ്ങള്‍ ചില പോലീസ് സേനകള്‍ അന്വേഷിക്കാറില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം കേസുകളില്‍ ക്രിമിനല്‍ ലക്ഷ്യമോ ക്രിമിനല്‍ പ്രവര്‍ത്തനമോ നടക്കുന്നതായി തെളിവില്ലാത്തതിനാലാണ് അന്വേഷണം വേണ്ടെന്നു വെക്കുന്നത്.

ഹൈസ്ട്രീറ്റ് ഷോപ്പുകള്‍ വിലയേറിയ വസ്തുക്കള്‍ ഡോറുകള്‍ക്ക് അരികില്‍ വെക്കുന്നത് കൊള്ളയടിക്ക് കാരണമാകുന്നതായും സൈമണ്‍ കോള്‍ പറഞ്ഞു. മൊത്തം കുറ്റകൃത്യങ്ങളില്‍ 12 ശതമാനവും ഇത്തരത്തിലുള്ളവയാണ്. ഇത് അന്വേഷണോദ്യോഗസ്ഥരുടെ ജോലി കൂട്ടുകയും മറ്റു ഗുരുതരമായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഇവ ഇല്ലാതാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles