എംപിമാരുടെ വേതനത്തില്‍ അടുത്ത മാസത്തോടെ വര്‍ദ്ധനവുണ്ടാകും. 1.8 ശതമാനം വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഒരു എംപിക്ക് ലഭിക്കുന്ന വേതനം 77,379 പൗണ്ടാകും. ഇതു സംബന്ധിച്ച് തീരുമാനം പാര്‍ലമെന്ററി സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി കൈകൊണ്ടു കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2015 ലാണ് എംപിമാര്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായത്. 67,000 പൗണ്ടായിരുന്ന ബേസിക്ക് സാലറി അന്ന് 74,000 പൗണ്ടായി വര്‍ദ്ധിപ്പിച്ചു.

2016ല്‍ 1.3 ശതമാനവും 2017ല്‍ 1.4ശതമാനവും വേതനം വര്‍ദ്ധിപ്പിച്ചിരുന്നു. മൂന്നു വര്‍ഷത്തിനിടയില്‍ ഏകദേശം 11,000 പൗണ്ടിന്റെ വര്‍ദ്ധനവാണ് എംപിമാരുടെ വേതന കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. 2010നു ശേഷം പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മേല്‍ ചുമത്തിയിരിക്കുന്ന ഒരു ശതമാനം ആന്യൂല്‍ ക്യാപിന് ഇരട്ടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഹൗസ് ഓഫ് കോമണ്‍സ് കമ്മറ്റി ചെയറിനു നല്‍കിവരുന്ന അധിക വേതനത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഏതാണ്ട് 1.8 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വേതനത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് 2015 ജൂലൈയില്‍ നടത്തിയിട്ടുള്ള പ്രഖ്യാപനത്തിന്റെ ഭാഗമായിട്ടുള്ളതാണെന്ന് ഐപിഎസ്എ പറയുന്നു. സമീപകാലത്ത് എംപിമാരുടെ വേതനം സംബന്ധിച്ച പുതിയ തീരുമാനങ്ങളൊന്നും കൈകൊണ്ടിരുന്നില്ല. പുതിയ തീരുമാനം എംപിമാര്‍ സ്വാഗതം ചെയ്യാനാണ് സാധ്യത.