കോഴിക്കോട്: സാഹിത്യത്തിന് ഇടമില്ലെങ്കില്‍ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടെന്ന് എം.ടി.വാസുദേവന്‍ നായര്‍. സാഹിത്യത്തെ പാഠ്യപദ്ധതിയില്‍ നിന്ന് ആട്ടിപ്പായിക്കുകയാണ്. കുട്ടികള്‍ക്ക് ഭാഷയും സാഹിത്യവും അറിയില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞത് ശരിയാണെന്നും എംടി പറഞ്ഞു. ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് എംടി ഇക്കാര്യം പറഞ്ഞത്.

തന്റെ കവിതകള്‍ പാഠപുസ്തകങ്ങളിലും ഗവേഷണങ്ങള്‍ക്കും ഉപയോഗിക്കരുതെന്നായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട് കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. ഒരു പൊതുപരിപാടിയില്‍ അക്ഷരത്തെറ്റുകള്‍ നിറഞ്ഞ കുറിപ്പ് ഒരു വിദ്യാര്‍ത്ഥി കൈമാറിയതിനെത്തുടര്‍ന്നാണ് നിലവിലുള്ള പാഠ്യപദ്ധതിക്കെതിരെ പ്രതിഷേധവുമായി ചുള്ളിക്കാട് രംഗത്തെത്തിയത്.

ചുള്ളിക്കാടിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ ചുള്ളിക്കാടിന്റെ വാദത്തെ എതിര്‍ത്തു. എല്ലാവരും ഇത്തരം പ്രസ്താവനകള്‍ ഇറക്കിയാല്‍ ഭാഷ എങ്ങനെ പഠിപ്പിക്കുമെന്ന ചോദ്യമാണ് രാധാകൃഷ്ണന്‍ ഉന്നയിച്ചത്.