മാഞ്ചസ്റ്ററില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. ട്രാഫോര്‍ഡ് പാര്‍ക്ക് ഏരിയയിലെ യൂറോപ്പ വേയിലാണ് സംഭവമുണ്ടായത്. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് സംഭവം. അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ കാര്‍ പിന്നീട് പോലീസ് കണ്ടെത്തി. കാര്‍ ഓടിച്ചിരുന്ന 21കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റ അഞ്ചു പേരുടെയും നില ഗുരുതരമാണെന്ന് നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. സംഭവം ഭീകരാക്രമണമല്ലെന്നും പോലീസ് സ്ഥിരീകരിച്ചു.

ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിനു ശേഷം പരിക്കേവര്‍ ചിതറിക്കിടക്കുന്നതാണ് കണ്ടതെന്നും സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അന്വേഷണത്തിനായി ഉടന്‍ തന്നെ പോലീസ് റോഡ് അടച്ചു. ഒരു ബിഎംഡബ്ല്യു 330 ഡി കാറാണ് അപകടമുണ്ടാക്കിയത്. അമിത വേഗത്തിലായിരുന്നു കാര്‍ എത്തിയത്. ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറുന്നതും മൂന്നോളം പേരും ഒരു നായയും അന്തരീക്ഷത്തിലേക്ക് തെറിച്ചു പോകുന്നതും കണ്ടതായി ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കാര്‍ ഇവര്‍ക്കിടയിലൂടെ നിര്‍ത്താതെ പോകുകയായിരുന്നു. സംഭവം അപകടമാണെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.