ഒരു കുട്ടി മാത്രമേയുള്ളുവെങ്കിലും കുടുംബം നോക്കാനുള്ള ബുദ്ധിമുട്ടുകള്‍ പറയുന്നവരാണ് നമ്മളില്‍ ഏറെയും. കുട്ടിയുടെ കാര്യം നോക്കിയിട്ട് ജോലിക്ക് പോകാന്‍ തയ്യാറെടുക്കാന്‍ പോലും സമയമില്ലാത്ത വീട്ടമ്മമാരുടെ പരിഭവങ്ങള്‍ ദിവസവും നാം കേള്‍ക്കാറുണ്ട്. അപ്പോള്‍ 21 കുട്ടികളുള്ള ഒരു അമ്മയ്ക്ക് എന്തൊക്കെയായിരിക്കും ഒരു ദിവസം ചെയ്യേണ്ടി വരിക? ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബമാണ് സ്യൂവിന്റെയും നോയല്‍ റാഡ്‌ഫോര്‍ഡിന്റെയും. ലങ്കാഷയറിലെ മോര്‍കാംബില്‍ താമസിക്കുന്ന ഇവരുടെ 21-ാമത്തെ കുട്ടി ഈ മാസം ആദ്യമാണ് പിറന്നത്. 10 ബെഡ്‌റൂമുകളുള്ള ഒരു കണ്‍സവേര്‍ട്ടഡ് കെയര്‍ ഹോമാണ് ഇവരുടെ വീട്. ഇപ്പോള്‍ 43 വയസുള്ള സ്യൂ താന്‍ എങ്ങനെയാണ് ഈ കുടുംബത്തെ കൈകാര്യം ചെയ്യുന്നതെന്ന് വിവരിക്കുന്നു.

ഒരു ദിവസം അലക്കാനുള്ള തുണികള്‍ മാത്രം 9 ലോഡ് വരും. ഇത് അലക്കുന്നതിനായി ഒരു മാസം 30 കുപ്പി വാഷിംഗ് ലിക്വിഡ് വേണ്ടി വരുമത്രേ! ഒരു ദിവസം നാല് ടോയ്‌ലെറ്റ് റോളുകള്‍ ഇവര്‍ക്ക് വേണ്ടി വരും. ഭക്ഷണത്തിനു വേണ്ടി ഒരാഴ്ച 300 പൗണ്ടാണ് ചെലവാകുക. ലോക്കല്‍ ബുച്ചറില്‍ നിന്ന് ഇറച്ചിയും പച്ചക്കറിക്കാരനില്‍ നിന്ന് പച്ചക്കറി സൗജന്യമായി ചോദിച്ചുമൊക്കെയാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നും സ്യൂ പറയുന്നു. അടുക്കളയാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയം. പാചകത്തില്‍ കുട്ടികളും സഹായത്തിനെത്തും. മൂന്നോ നാലോ വിധത്തിലുള്ള ഭക്ഷണം ഒരുക്കേണ്ടി വരികയാണെങ്കില്‍ അത് വലിയ പ്രതിസന്ധിയായി മാറാറുണ്ടെന്നും സ്യൂ വ്യക്തമാക്കി.

എപ്പോഴും കുട്ടികള്‍ അരികിലുണ്ടെന്നതാണ് തന്റെ കുടുംബത്തിന്റെ ഏറ്റവും സന്തോഷകരമായ അവസ്ഥയെന്ന് അവര്‍ പറഞ്ഞു. വലിയ കുടുംബമുണ്ടായാല്‍ കുട്ടികള്‍ എപ്പോഴും നിങ്ങള്‍ക്കൊപ്പം കാണുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളുമായുള്ള യാത്രയ്ക്ക് ഇവര്‍ ഒരു മിനി ബസാണ് ഉപയോഗിക്കുന്നത്. വീട്ടില്‍ നിന്ന് 10 മിനിറ്റ് മാത്രം അകലെയുള്ള സ്‌കൂളിലാണ് ഒമ്പത് കുട്ടികള്‍ പഠിക്കുന്നത്. ഇളയ കുട്ടികള്‍ മൂന്നു പേര്‍ സ്യൂവിനൊപ്പം വീട്ടില്‍ കാണും. കുട്ടികളെ എല്ലാവരെയും ഉറക്കി ഇവര്‍ ഉറങ്ങാനെത്തുമ്പോള്‍ 10 മണിയാകുമെന്നും സ്യൂ പറയുന്നു.