മൂന്നാമതൊരു കുഞ്ഞിനു കൂടി ആഗ്രഹിച്ച ലിൻഡ്‌സെയ് ക്ലാർക് സിസേറിയന് ശേഷം ഉണർന്നത് തനിക്കു വന്ധ്യംകരണം നടത്തി എന്ന വാർത്ത കേട്ട്. എന്നാൽ താൻ ഇതിന് അനുവാദം നൽകിയിട്ടില്ലെന്ന് ലിൻഡ്‌സെയ് പറഞ്ഞു. 34 കാരിയായ ലിൻഡ്‌സെയുടെ അണ്ഡവാഹിനിക്കുഴൽ ആണ് നീക്കം ചെയ്തത്. ഗർഭകാലഘട്ടത്തിൽ ബിപി കൂടി പ്രീ എക്ലാംസിയ എന്ന അവസ്ഥ പലതവണ അഭിമുഖീകരിക്കേണ്ടി വന്നതിനാലാണ് വന്ധ്യംകരണം നടത്തിയത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ലിൻഡ്‌സെയുടെ അനുവാദമില്ലാതെ ശസ്ത്രക്രിയ നടത്തിയതിനാൽ അവർക്കു 25000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചു. സിസേറിയന് ശേഷം ഉണർന്നപ്പോൾ തനിക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി എന്ന വാർത്തയാണ് അറിയിച്ചത്. എന്നാൽ തന്നോട് അത് മുൻകൂട്ടി അറിയിച്ചില്ലെന്നും താൻ അതിനു തയ്യാറെടുത്തിരുന്നില്ലെന്നും അവർ പറഞ്ഞു. തനിക്ക് രണ്ടാമത് ഒരു കുഞ്ഞു ഉണ്ടായതിന്റെ സന്തോഷം മുഴുവൻ നഷ്ടമാക്കുന്നതാണ് ഇത്തരമൊരു വാർത്ത എന്നാണ് അവർ പ്രതികരിച്ചത് . ലീഡ്‌സിലെ സെയിന്റ് ജെയിംസ് ഹോസ്പിറ്റലിൽ വെച്ച് 2014 ഏപ്രിലിൽ ആണ് ഈ സംഭവം നടന്നത്.

അഞ്ചു വയസ്സുള്ള ലാസി എന്ന മകളും പത്തു വയസ്സുകാരൻ ഹാർവെയ്‌യുമാണ് ദമ്പതികളുടെ മക്കൾ. ഹാർവേയുടെ ഗർഭകാലഘട്ടത്തിൽ പലതവണ ബിപി കൂടി ലിൻഡ്‌സെയുടെ അവ്സഥ വളരെ ഗുരുതരമായിരുന്നു. . മാസം തികയാതെയുള്ള പ്രസവം ആയിരുന്നു ഹാർവെയ്‌യുടേത്. ലാസിയെ ഗർഭിണിയായിരുന്നപ്പോഴും ഇതേ അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നു. അതിനാൽ മൂന്നാമതൊരു പ്രസവത്തിനുള്ള അപകട സാധ്യതകൾ അധികമാണ്.

തങ്ങൾക്ക് തെറ്റുപറ്റിയെന്നും രോഗിയുടെ അനുവാദമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയത് എന്നും ആശുപത്രി അധികൃതർ അംഗീകരിച്ചു. മേലിൽ ഇത്തരം നീക്കങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുക്കും എന്നും അവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.