ലോക്സഭാ തിരഞ്ഞെടുപ്പില്‍‌ ബിജെപിക്ക് 120 സീറ്റ് മാത്രമേ ലഭിക്കൂ എന്നു പറഞ്ഞ് താന്‍ എഴുതിയെന്ന രീതിയിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എൽ.െക.അഡ്വാനിക്ക് അയച്ചു എന്ന രീതിയിലാണ് കത്ത് പ്രചരിക്കുന്നത്. കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ജോഷി പരാതിയിൽ പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനു ശേഷമാണ് മുരളി മനോഹർ ജോഷി എൽ.കെ.അഡ്വാനിക്ക് അയച്ചെന്ന പേരിലുള്ള കത്ത്സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. ജോഷിയുടെ ലെറ്റർ പാഡിൽ എഎൻഐ വാട്ടർമാർക്ക് ഉൾപ്പെടെയാണ് കത്ത്.

ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക‌് ആകെ‌ 120 സീറ്റുകളും അദ്യഘട്ട വോട്ടെടുപ്പ് നടന്ന 91 മണ്ഡലങ്ങളിൽ 8–10 സീറ്റുകളും മാത്രമെ ലഭിക്കുയെന്നുമാണ് കത്തിൽ പറയുന്നത്. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതിന് സമാജ്‌വാദി പാർട്ടിയും ബിഎസ്പിയും തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ കുടുംബാംഗങ്ങൾ പുറത്താക്കിയിട്ടും കുടുംബം വിട്ടുപോകാൻ മനസ്സ് വരുന്നില്ലെന്നും ജോഷി കത്തിൽ വെളിപ്പെടുത്തുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കാൻപൂരിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നു മുരളി മനോഹർ ജോഷി പ്രതിപക്ഷ സഖ്യത്തിന്റെ പൊതുസ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കത്ത് പ്രചരിച്ചതിനെ തുടർന്നു ജോഷിയും അഡ്വാനിയും പാർട്ടിവിടുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.