ചങ്ങനാശേരി: ചങ്ങനാശ്ശേരിയില്‍ റോഡിലൂടെ നടന്നു പോയ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇന്നലെ രാവിലെ കടമാഞ്ചിറയിലായിരുന്നു സംഭവം. പൊട്ടശേരി പനംപതിക്കല്‍ പ്രശോഭിനെ (35) തൃക്കൊടിത്താനം പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമത്തിന് പ്രശോഭിനെ പൊലീസ് കസ്റ്റഡിയിലെടുക്കുക ആയിരുന്നു. പ്രശോഭുമായി പിണങ്ങി പാത്താമുട്ടത്ത് താമസിക്കുന്ന സിനിയെ(34) ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊടിനാട്ടുകുന്ന് അങ്കണവാടിയിലെ ഹെല്‍പര്‍ ആണ് സിനി. വിഡിയോഗ്രഫറായ പ്രശോഭ് മദ്യപിച്ചെത്തി സിനിയുമായി വഴക്കുണ്ടാക്കുകയും സിനിയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വഴക്കും മര്‍ദ്ദനവും തുടർന്നതിനാൽ സിനി വീടു വിട്ടു പോയി. യുവതി തന്നെ വിട്ട് മറ്റൊരിടത്ത് താമസം തുടങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നു പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ പാറേല്‍ പള്ളിക്കു സമീപത്തെ ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന പ്രശോഭ്, ജോലിക്കു പോകുന്നതിനായി സിനി എത്തിയതോടെ വിശേഷങ്ങള്‍ പറഞ്ഞ് കുറച്ചു ദൂരം ഒപ്പം നടന്നു. ബ്ലേഡ് കയ്യിലെടുത്ത്, കൊല്ലാന്‍ പോവുകയാണ് എന്ന് പ്രശോഭ് പറഞ്ഞെങ്കിലും തമാശയാണെന്നു കരുതി സിനി അവഗണിച്ചു. ഇതോടെ ബ്ലേഡ് ഉപേക്ഷിച്ചു. ആള്‍ത്തിരക്കില്ലാത്ത പ്രദേശത്ത് എത്തിയപ്പോള്‍ മറ്റൊരു ബ്ലേഡ് ഉപയോഗിച്ച്‌ പ്രശോഭ് സിനിയുടെ കഴുത്തില്‍ മുറിവേല്‍പിക്കുകയായിരുന്നു. പ്രശോഭിന്റെ ബ്ലേഡ് ആക്രമണത്തില്‍ രക്തം വാര്‍ന്നു റോഡില്‍ വീണ സിനിയെ ഇതുവഴിയെത്തിയ വൈദികനും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ സിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു പൊലീസ് അറിയിച്ചു. പ്രശോഭിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തു.