മുസ്ലീം വ്യക്തി നിയമത്തെ ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിയ്ക്ക് കഴിയില്ലെന്ന് മുസ്ലീം സംഘടന

February 07 07:25 2016 Print This Article

ന്യൂ ഡല്‍ഹി: വിവാഹ മോചനത്തില്‍ മുസ്ലീം സ്ത്രീ നേരിടുന്ന വിവേചനത്തില്‍ ഇടപെട്ട സുപ്രീം കോടതിയ്‌ക്കെതിരെ മുസ്ലീം സംഘടന.  ജമീഅത്തുല്‍ ഉലമാ ഹിന്ദ്  എന്ന സംഘടനയാണ്‌ പരമോന്നത നീതിപീഠത്തിന്റെ നടപടിക്കെതിരെ രംഗത്ത് വന്നത്. മുസ്ലീം വ്യക്തി നിയമങ്ങള്‍ ഖുറാന്‍ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇത് ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിയ്ക്കാവില്ല എന്നുമാണ് ജമീഅത്തുല്‍ ഉലമാ ഹിന്ദിന്റെ പക്ഷം. ഭരണഘടനയുടെ തത്വങ്ങള്‍ക്ക് അനുസരിച്ച് അതില്‍ മാറ്റമുണ്ടാക്കാനാവില്ലെന്നും യാഥാസ്ഥിതിക മുസ്ലീം സംഘടന.
മുഹമ്മദന്‍ നിയമങ്ങള്‍ വിശുദ്ധ ഖാറാന്‍ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇത് ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 13 ആം അനുഛേദം അനുസരിച്ചുള്ള നിലനില്‍ക്കുന്ന നിയമത്തിന്റെ അധികാരപരിധിയില്‍ ഉള്ളതല്ലെന്നും ജമീഅത്തുല്‍ ഉലമാ ഹിന്ദ്. ഭരണഘടനയുടെ മൂന്നാം ഛേദത്തില്‍ പറയുന്ന കാര്യങ്ങള്‍ (മൗലിക അവകാശം-സമത്വം) എന്നിവ അനുസരിച്ച് പരീശോധിക്കാനുമാകില്ലെന്ന് സംഘടന. അഭിഭാഷകനായ ഇജാസ് മക്ബൂല്‍ മുഖാന്തരമാണ് ജെയുഎച്ച് സുപ്രീം കോടതി മുമ്പാകെ അപേക്ഷ വെച്ചത്.

മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ നേരിടുന്ന അസമത്വം ഇല്ലാതാക്കാനുള്ള ശ്രമമായാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനും നിയമ സേവന അതോറിറ്റിയ്ക്കും നോട്ടീസ് അയച്ചത്. ലിംഗ സമത്വം ഉറപ്പാക്കാനുള്ള കോടതിയുടെ ശ്രമത്തിനാണ് യാഥാസ്ഥിതിക മുസ്ലീം സംഘടന വിമര്‍ശിച്ചത്.

ഉയരുന്ന ചോദ്യം മതഗ്രന്ഥങ്ങള്‍ പ്രകാരമുള്ള നിയമങ്ങള്‍ക്ക് ഭരണഘടന തത്വങ്ങളെ ലംഘിക്കാനാവുമോ എന്നതാണ്. കഴിഞ്ഞ വര്‍ഷം മുസ്ലീം യുവതിയുടെ തലാഖുമായി (വിവാഹമോചനം) ബന്ധപ്പെട്ട ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് ബഹുഭാര്യത്വം അടക്കം മുസ്ലീം സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിരെ ഇടപെടാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

വെള്ളിയാഴ്ച സ്വമേധയ കേസ് രജിസ്ടര്‍ ചെയ്ത് കേന്ദ്ര സര്‍ക്കാരിനും ദേശീയ നിയമ സേവന അതോറിറ്റിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിച്ച് ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസില്‍ കക്ഷി ചേരാന്‍ മുസ്ലീം സംഘടനകള്‍ക്കും അനുമതി നല്‍കി. മുസ്ലീങ്ങള്‍ക്കിടയിലെ ഏകപക്ഷീയമായ വിവാഹ മോചനവും ബഹുഭാര്യാത്വവും സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണെന്ന് സുപ്രീം കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. ഇന്ത്യയിലെ മുസ്ലീം നിയമങ്ങള്‍ ഭരണഘടനയിലെ മൗലിക അവകാശമായ സമത്വത്തെ ഹനിക്കുന്നതാണോയെന്ന് പരിശോധിക്കാനാണ് പറഞ്ഞിരിക്കുന്നത്.

ലിംഗ വിവേചനം മുസ്ലീം സ്ത്രീകളുടെ മൗലിക അവകാശത്തെയും സമത്വത്തെയും ബാധിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാനാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. സുപ്രീം കോടതിയുടെ നീക്കം യാഥാസ്ഥിതക മുസ്ലീം സംഘടനകളെ ചൊടിപ്പിച്ചുവെന്നാണ് ജമാഅത്തെയുടെ നിലപാടിലൂടെ വ്യക്തമാകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തെ ആശ്രയിച്ചാകും മുന്നോട്ടുള്ള പരമോന്നത നീതിപീഠത്തിന്റെ നടപടികള്‍

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles