അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ മതത്തിന്റെ അതിരുകളെ മുക്കിക്കളഞ്ഞ കാഴ്ചയാണ് ശ്രീകണ്ഠാപുരത്ത്. വെള്ളത്തിനടിയിലായ ദേവീ ക്ഷേത്രം പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ക്ഷേത്ര കമ്മിറ്റിക്കാരും കൈകോർത്തപ്പോൾ തീരാ നഷ്ടങ്ങൾക്കിടയിലും നന്മയുള്ള കാഴ്ചകളായി അത് മാറി.

നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീകണ്ഠാപുരം പഴയങ്ങാടി അമ്മകോട്ടം മഹാദേവീ ക്ഷേത്രത്തിൽ ആദ്യമായാണ് വെള്ളം കയറുന്നത്. ശ്രീകോവിലടക്കം മുങ്ങി. വെള്ളം ഇറങ്ങിയപ്പോൾ ക്ഷേത്ര നവീകരണം വെല്ലുവിളിയായി. ചളിവന്നടിഞ്ഞ ക്ഷേത്രവും പരിസരവും വൃത്തിയാക്കാൻ ജാതിമത വ്യത്യാസമില്ലാതെ മനുഷ്യർ ഒന്നിച്ചു. നടന്‍ ആസിഫ് അലി ഉൾപ്പെടെയുള്ളവർ ഇതുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു.

ഇന്നത്തെ പെരുന്നാൾ നമസ്കാരത്തിന് മുൻപ് പുലർച്ചെ അഞ്ച് മണിക്കുള്ള ദീപാരാധനയും പൂജയും നടക്കണമെന്ന് ഈ മനുഷ്യര്‍ ഉറച്ചു. മുസ്‌ലിം ലീഗിന്റെ സന്നദ്ധസംഘടനയായ വൈറ്റ് ഗാർഡ് ടീ‌മാണ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. ക്ഷേത്രം വൃത്തിയാക്കാൻ അനുവാദം ചോദിച്ചപ്പോള്‍ പൂർണ സന്തോഷമെന്ന് പൂജാരിയുടെ മറുപടി.