വടകര: തലശേരിയില്‍ വെച്ച് അജ്ഞാതരുടെ വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സന്ദര്‍ശിച്ചു. വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി. ജയരാജനും നേരത്തെ നസീറിനെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും പാര്‍ട്ടിക്ക് അക്രമത്തില്‍ യാതൊരു പങ്കുമില്ലെന്നും ജയരാജന്‍ പറഞ്ഞു. കുറ്റക്കാര്‍ ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ ആക്രമണത്തിന് പിന്നില്‍ സിപഎമ്മിന് പങ്കുള്ളതായി കോണ്‍ഗ്രസും ആര്‍.എം.പിയും ആരോപിച്ചിരുന്നു. മുന്‍പരിചയമില്ലാത്ത മൂന്ന് പേരടങ്ങുന്ന സംഘമാണ് തന്നെ വെട്ടിയതെന്നും ഇവരെ വീണ്ടും കണ്ടാല്‍ തിരിച്ചറിയുമെന്നും നസീര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. മുന്‍ സിപിഎം നേതാവും കൂടിയായ സിഒടി നസീറിനെ അപകടപ്പെടുത്തിയത് എല്‍.ഡി.എഫ് നേതാവ് പി. ജയരാജന്റെ അറിവോടെയാണെന്നും ആണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നസീറിനെ കഴിഞ്ഞ ദിവസം അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കൈക്കും കാലിനും തലയ്ക്ക് പുറകിലും വയറിലും പരിക്കുണ്ട്. നസീറിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും അക്രമികള്‍ വെട്ടി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഇയാള്‍ തലശേരി ആശുപത്രിയില്‍ ചികിത്സയിലാണ്. സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് നസീറിനെതിരെ നടന്നതെന്ന് കോണ്‍ഗ്രസും ആര്‍എംപിയും പറയുന്നു.

അതേസമയം ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അക്രമപാതയില്‍ നിന്ന് പൂര്‍ണ്ണമായും പിന്തിരിയണമെന്നതാണ് പാര്‍ട്ടി നിലപാട്. സിപിഎം ശത്രുപക്ഷത്ത് നിര്‍ത്താന്‍ അയാള്‍ ആരാണെന്നും കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും കോടിയേരി പറഞ്ഞു.