കൊച്ചി: കാശ്മീരില്‍ 8 വയസുകാരിയെ അമ്പലത്തില്‍ വെച്ച് കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയ. ഏപ്രില്‍ 15ന് വൈകീട്ട് 5നും 7നും ഇടയ്ക്കുള്ള സമയത്ത് പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ഹാഷ്ടാഗ് ക്യാംമ്പെയിന്‍ ആരംഭിച്ചിരിക്കുന്നത്.

ഒരോരുത്തരും ജീവിക്കുന്ന പ്രദേശത്തിന് തൊട്ടടുത്ത തെരുവുകളില്‍ സുഹൃത്തുക്കളെയും അയല്‍ക്കാരെയും കൂട്ടി പോസ്റ്ററുകളുമായി പ്രതിഷേധത്തിനിറങ്ങണമെന്ന് ക്യാംമ്പെയിന്‍ ആവശ്യപ്പെടുന്നു. പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ #MyStreetMyProtest എന്ന ഹാഷ്ടാഗില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനും ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പ്രതിഷേധാഹ്വാനത്തില്‍ പറയുന്നു.

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പ്രതിഷേധാഹ്വാനത്തിന്റെ പൂര്‍ണരൂപം:

#MyStreetMyProtets

#എന്റെതെരുവില്‍എന്റെപ്രതിഷേധം

ആസിഫയ്ക്കും ഉന്നാവോയിലെ പെണ്‍കുട്ടിക്കും വേണ്ടി,
നമ്മള്‍ നമ്മുടെ തെരുവില്‍ പ്രതിഷേധിക്കുന്നു.
ഏപ്രില്‍ 15 ഞായറാഴ്ച വൈകിട്ട് 5 നും 7 നും ഇടയ്ക്ക്.

നമ്മള്‍ എവിടെയാണോ ഉള്ളത് അവിടെയുള്ള തെരുവിന്റെ ഒരു ശ്രദ്ധേയമായ ഭാഗത്ത് നമുക്ക് ഒത്തുചേരാം. ആസിഫയുടെയുടെ ചിത്രങ്ങളും പോസ്റ്ററുകളുമായി. ആസിഫയ്ക്കും ഉന്നാവോയില്‍ റേപ്പ് ചെയ്യപ്പെട്ട ആ പെണ്‍കുട്ടിക്കും നീതി ആവശ്യപ്പെട്ടുകൊണ്ട്.

ഇത് ക്രൂരമായ ആക്രമണങ്ങള്‍ക്ക് കാരണക്കാരായവര്‍ക്കെതിരായുള്ള നമ്മുടെ പ്രതികരണമാണ്. കാരണക്കാരായവരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരായ നമ്മുടെ പ്രതിഷേധമാണ്. നമുക്ക് തെരുവിലിറങ്ങാം. സുഹൃത്തുക്കളേയും അയല്‍ക്കാരേയും കൂട്ടി ഒന്നിച്ച്.

1) ഒത്തുചേരാനുള്ള സ്ഥലം തീരുമാനിക്കുക. നമ്മുടെ ഏറ്റവും അടുത്ത തെരുവിലെ ശ്രദ്ധേയമായ ഒരു ഭാഗം .

2) സുഹൃത്തുക്കളേയും അയല്‍ക്കാരേയും വിളിക്കുക. പ്രതിഷേധത്തിന്റെ സമയവും ദിവസവും അറിയിക്കുക. വിവരങ്ങള്‍ ഇ-മെയില്‍ ചെയ്യുക. എഫ്.ബി യില്‍ സുഹൃത്തുക്കളെ ടാഗ് ചെയ്തു കൊണ്ട് സ്ഥലത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റ് ഇടുക.

3) പോസ്റ്ററുകള്‍ ഉണ്ടാക്കുക.

4) 15ാം തിയതി വൈകിട്ട് 5 മണിക്കു തന്നെ തീരുമാനിച്ച സ്ഥലത്ത് എത്തുക.

5) സുഹൃത്തുക്കളുടേയും അയല്‍ക്കാരുടേയും സാന്നിദ്ധ്യം ഒന്നുകൂടി ഉറപ്പ് വരുത്തുക.

6) തെരുവില്‍ നമ്മള്‍ക്ക് കഴിയുന്നത്ര സമയം നില്‍ക്കാം. അത് നമ്മള്‍ ഒറ്റയ്ക്കാണെങ്കില്‍ പോലും. നമുക്കൊപ്പം കൂട്ടുകാര്‍ ചേരുമെന്ന പ്രതീക്ഷിച്ചു കൊണ്ട് തന്നെ.

7) പ്രതിഷേധത്തെപ്പറ്റി ചോദിക്കുന്നവരോട് അത് വിശദീകരിച്ചു കൊടുക്കുക.

8 ) ചിത്രമെടുത്ത് # MyStreet My Protest എന്ന ഹാഷ് ടാഗോടു കൂടി അപ്‌ലോഡ് ചെയ്യുക.