ചണ്ഡീഗഢ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജുമുഅ (വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥന) തടസ്സപ്പെടുത്തിയ സംഭവത്തില്‍ സംഘപരിവാറിനെ പിന്തുണയ്ക്കുന്ന പ്രതികരണവുമായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍.

‘നമസ്‌ക്കാരം പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ പള്ളിയിലോ ഈദ്ഗാഹിലോ ആണ് നടത്തേണ്ടത്. അവിടെ സ്ഥലക്കുറവുണ്ടെങ്കിലാണ് പുറത്തേക്ക് മാറ്റേണ്ടത്. പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടവയല്ല ഇതൊന്നും. എതിര്‍പ്പില്ലെങ്കില്‍ പൊതുസ്ഥലങ്ങളില്‍ ചെയ്യുന്നത് കൊണ്ട് പ്രശ്‌നമില്ല. പക്ഷെ ഏതെങ്കിലും വിഭാഗത്തില്‍ നിന്നും എതിര്‍പ്പുണ്ടായാല്‍ നമ്മള്‍ ശ്രദ്ധിക്കേ്ണ്ടതുണ്ട്. പൊതുസ്ഥലങ്ങളില്‍ നമസ്‌ക്കരിക്കുന്നത് ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണ്.

അഖില്‍ ഭാരതീയ ഹിന്ദു ക്രാന്തി ദള്‍, ബജ്‌റംഗ് ദള്‍, ശിവസേന, ഹിന്ദു സേന, സ്വദേശി ജാഗരണ്‍ മഞ്ച്, ഗുരുഗ്രാം സാംസ്‌കൃതിക് ഗൗരവ് സമതി തുടങ്ങിയ സംഘടനകള്‍ ഒന്നായി സംയുക്ത് ഹിന്ദു സംഘര്‍ഷ് സമിതി എന്ന പേരില്‍ സംഘടിച്ചാണ് പൊതുസ്ഥലങ്ങളിലെ നമസ്‌ക്കാരത്തിനെതിരെ രംഗത്തെത്തിയത്.

നമസ്‌ക്കാരം തടഞ്ഞതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 20ന് 6 പേരെ അറസ്റ്റ് ചെയ്തിരുന്നു. സെക്ടര്‍ 53യിലെ തുറന്ന സ്ഥലത്ത് നമസ്‌ക്കാരത്തിനിടെ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്.

വെള്ളിയാഴ്ച അതുല്‍ കതാരിയ ചൗക്ക്, സിക്കന്ദര്‍പൂര്‍, ഇഫ്‌കോ ചൗക്ക്, എംജി റോഡ്, സൈബര്‍ പാര്‍ക്കിനടത്തുള്ള തുറന്നയിടം എന്നിവിടങ്ങളിലും പ്രവര്‍ത്തകര്‍ നമസ്‌ക്കാരം തടഞ്ഞിരുന്നു.