സ്റ്റീവനേജ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് കരുത്തു പകരുന്ന നിരവധി സംഭാവനകളും ഊര്‍ജ്ജവും യു കെ യില്‍ നിന്നും പകര്‍ന്നു നല്കിപ്പോരുന്ന ഐഒസി യുടെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമെന്ന് കമല്‍ ദളിവാല്‍. ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ) യും, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സും സംയുക്തമായി നിര്‍മ്മിച്ച ‘നമ്മള്‍ ഇന്ത്യയെ വീണ്ടെടുക്കും’ എന്ന ഹൃസ്യ ചിത്രം യു കെ യില്‍ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ഐഒസി ദേശീയ അദ്ധ്യക്ഷന്‍ കമല്‍ ദാളിവാല്‍.

രാഷ്ട്രീയ സാമൂഹ്യ പ്രതിബദ്ധത ഉണര്‍ത്തുന്ന പ്രത്യുത ചിന്തോദീപകമായ ഷോര്‍ട്ട് ഫിലിമിലൂടെ നാം കണ്മുന്നില്‍ കണ്ടുപോരുന്നതും അനുഭവിക്കുന്നതുമായ നിഷ്ടൂര സത്യങ്ങള്‍ തുറന്നു കാണിക്കുകയും, അത് തങ്ങളുടെ വിധിയല്ലെന്നും അതിനെ തട്ടി മാറ്റുവാനും, സുരക്ഷിതഭാവി ഉറപ്പാക്കുവാനും ഓരോരുത്തര്‍ക്കും അവകാശവും, അവസരവുമാണ് ഈ ആസന്നമായ തിരഞ്ഞെടുപ്പ് നല്‍കുന്നതെന്ന ബോദ്ധ്യം പകരുവാന്‍ ഉതകുന്നതുമായ ഒരു കഥാതന്തുവാണ് ഈ ചിത്രത്തിന്റെ സാരാംശം.

ഭാരതത്തിന്റെ ഭാവി സുരക്ഷിത കരങ്ങളില്‍ ഏല്‍പ്പിക്കുവാനുള്ള അദമ്യമായ ആഗ്രഹവും, രാജ്യ സ്‌നേഹവും ഉണര്‍ത്തിയ ആസന്നമായ തെരഞ്ഞെടുപ്പിന്റെ ജ്വരത്തില്‍ കോണ്‍ഗ്രസ്സ് അനുഭാവികളുടെ ഒരു കുടുംബ കൂട്ടായ്മ്മ സ്റ്റീവനേജില്‍ സംഘടിപ്പിച്ച വേദിയില്‍ വെച്ചാണ് കമല്‍ജി ‘നമ്മള്‍ ഇന്ത്യയെ വീണ്ടുക്കും’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. ജോണി കല്ലടാന്തിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, ഐഒസി ദേശീയ നേതാക്കളായ ഗുര്‍മിന്ദര്‍, അശ്രാജി, ഷമ്മിജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഹൃസ്യ സിനിമയെപ്പറ്റി ആമുഖമായി ഐഒസി കേരള ചാപ്റ്റര്‍ സെക്രട്ടറി രാജേഷ് വി പാട്ടില്‍ പ്രതിപാദിക്കുകയും, പരമാവധി വീഡിയോ ഷെയര്‍ ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു. അപ്പച്ചന്‍ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിച്ചു.

പ്രത്യുത ഷോര്‍ട്ട് ഫിലിമിന്റെ പ്രകാശനം കേരളത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. പത്തനംതിട്ട പാര്‍ലിമെന്റ് മണ്ഡലത്തിന്റെ അടൂരില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് അദ്ദേഹം സിഡി പ്രകാശനം നിര്‍വഹിച്ചത്. ഐഒസി (യു കെ) കേരള ചാപ്റ്റര്‍ ദേശീയ അദ്ധ്യക്ഷന്‍ സുജു ഡാനിയേലില്‍ നിന്നും സി ഡി സ്വീകരിച്ചു കൊണ്ടാണ് ഉമ്മന്‍ചാണ്ടി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

വീഡിയോ കാണാം