രഞ്ജിത്ത് ശിവഹരി

ദേവികാ എന്റെ സൺസ്‌ക്രീൻ ലോഷൻ കണ്ടോ ??
കുക്കറിന്റെ മൂന്നാം വിസിലിനായി കാതോർത്തു നിൽക്കുന്ന അവർ പെട്ടെന്ന് മനോരാജ്യങ്ങളിൽ നിന്നുമുണർന്നു ..അതാ ദിവാന്റെ ചുവട്ടിൽ ഉണ്ടാവും ശ്രീയേട്ടാ ദാ വരുന്നു .
ഒന്നും നോക്കിയെടുക്കാനും വയ്യ രാവിലെ തൊട്ട് ദേവികാ ദേവികാ ന്ന് അലറിക്കൊണ്ടിരിക്കും ചെയ്യും ന്നാ പിന്നെ അടുക്കളയിൽ വന്ന് എന്തെങ്കിലും ചെയ്യുക അതും ഇല്ല അല്ലെങ്കിലും അതെങ്ങെനെ ഞാൻ വെറും പത്താം ക്ലാസ്സുകാരിയും അങ്ങേര് വലിയ ബിസിനസ്കാരനും അല്ലെ ?
തെക്കേലെ സൂമിം ജാനും ഒക്കെ പറയാ എന്താ ദേവു ന്റെ ഭാഗ്യം എന്നാ ??എന്ത് ഭാഗ്യം ചാണകം വാരിട്ടായാലും നാട്ടിൽ തന്നെ ജീവിക്ക്യാർന്നു നല്ലത് .അച്ഛന്റെയും അനിയന്റെയും ശബ്ദം കേട്ടിട്ട് തന്നെ എത്ര ദിവസമായി ?തന്റെ മകനെ കണ്ടിട്ട് എത്ര കാലമായി എല്ലാം താൻ തന്നെ വരുത്തി വച്ചതല്ലേ ഇനി പരിഭവം പറഞ്ഞിട്ടെന്ത് കാര്യം ?ശ്രീ ഏട്ടനെ ഒന്ന് മിണ്ടാൻ പോലും കിട്ടില്ല ,പിന്നിങ്ങനെ ആത്മഗതങ്ങളായി ജീവിക്കുന്നു ഹാ കൊക്കിലൊതുങ്ങിത് കൊത്താഞ്ഞിട്ടല്ലേ ഇനി അനുഭവിക്ക്യ തന്നെ ,നീണ്ട നെടുവീർപ്പിട്ടു കൊണ്ട് മനസ്സിലെ പിറുപിറുക്കൽ പുറമേക്ക് കേൾക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി അവൾ ബെഡ്റൂമിലേക്ക് നടന്നു ..
ഈ സമയം കൊണ്ട് തന്നെ ശ്രീകുമാരൻ പോർട്ടിക്കോയിലെത്തിയിരുന്നു …ശ്രീയേട്ടാ ഉച്ചയയൂണിനു നല്ല വെണ്ടയ്ക്ക മെഴുക്കുപുരട്ടിത് ഉണ്ടാക്കിട്ടുണ്ട് കൊണ്ട് വരട്ടെ ..വേണ്ട എന്ന ഒറ്റവക്കിൽ ഒതുക്കി അയാൾ അതിവേഗത്തിൽ കാർ എടുത്തു ..
ഈയിടെ ഏട്ടന്റെ സ്വഭാവം വല്ലാതെ മാറിയിരിക്കുന്നു .കമ്പനിയിലെ സുന്ദരികളെ കണ്ട് എന്നെയൊന്നും പിടിക്കുന്നില്ലായിരിക്കും ..സാൻഫ്രാന്സിസ്കോയിലെ സുന്ദരി മദാമ്മകൾക്കു മുന്നിൽ താൻ ആരാ നാട്ടിൻപുറത്തെ ഒരു പൊട്ടിപെണ്ണ് ..പണ്ടൊക്കെ ശ്രീയേട്ടൻ പറഞ്ഞിരുന്നു ദേവു നിന്റെ പൊട്ടത്തരം ആണ് എനിക്ക് ഏറ്റവും ഇഷ്ടം എന്ന് ഹാ ഓന്ത് സ്വഭാവം മാറണ പോലെ അല്ലെ ഓരോരുത്തരുടെ സ്വഭാവം മാറണത് ..ദേവുവോ ആരേം കണ്ണടച്ചു വിശ്വസിക്കരുത് മോളെ അദ്ധ്യാപകനായ അച്ഛന്റെ വാക്കുകൾ അവളുടെ ചെവികളിൽ അലയടിച്ചു ….
നീട്ടിയടിച്ച ഫോൺ ബെൽ അവളെ തെല്ല് അലസോരപ്പെടുത്തി ..ഈ സമയത്ത് ആരാണ് വിളിക്കുന്നത് ?മറുതലക്കലെ ശബ്ദം അവളെ അത്ഭുദപ്പെടുത്തി അച്ഛൻ …അച്ഛനാണ് ..
മോളെ എനിക്കിവിടെ നിൽക്കാൻ വയ്യ സ്വത്ത് ഭാഗം വെക്കണം എന്നൊക്കെ പറഞ് നിന്റെ അനിയനും ചേച്ചിയും എല്ലാവരും കൂടെ വഴക്കാണ് ..അപ്പോൾ നീ ഇങ്ങോട്ട് ഒന്നും പറയണ്ട ഞാൻ ഒരാഴ്ച കഴിഞ്ഞ് അങ്ങോട്ട് വരുന്നുണ്ട് ..മടുത്തു മോളെ ഈ വയ്യാത്ത കാലത്തും ഇനി മനസ്സ് വിഷമിപ്പിക്കാൻ വയ്യ ..ശ്രീകുമാറിനോട് പറയണം അച്ഛൻ വരുന്നുണ്ടെന്ന് അവന് വലിയ സന്തോഷം ആവും കഴിഞ്ഞ തവണ ലീവിന് വന്നപ്പോഴും പറഞ്ഞിരുന്നു എന്നോട് അങ്ങോട്ടൊന്ന് വരാൻ .

ഒറ്റശ്വാസത്തിൽ അച്ഛനിത്രയും പറഞ്ഞപ്പോൾ അവൾക്കാകെ ഒരു മരവിപ്പാണ് അനുഭവപ്പെട്ടത് ..ശരി അച്ഛാ എന്ന് പറഞ്ഞ് അവൾ പെട്ടെന്ന് റീസിവർ നിലത്തു വെച്ചു ..
സ്വത്ത് വേണ്ടവർ തന്നെ നോക്കികൂട്ടെ ഈ വയ്യാവേലികൾക്കിടയിൽ കൂടെ ഇതും കൂടെ എനിക്ക് തലയിൽ വെക്കാൻ വയ്യ ദേവിക …
ഈ പ്രായത്തിൽ അതും ഇങ്ങോട്ട് അതൊന്നും ശരിയാവില്ല ..എത്രയെത്ര ഓൾഡേജ് ഹോംസ് ഉണ്ട് നാട്ടിൽ അവിടെ ചെലവിനുള്ളത് എന്താച്ചാൽ കൊടുക്കാം താറ്റ്സ് ഓൾ …അറുത്തുമുറിച്ച ഈ മറുപടി പ്രതീക്ഷിച്ചതു കൊണ്ട് ദേവികക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല .ബിസിനസ് തിരിക്കിന്റെ പേര് പറഞ്ഞു മകനെ വരെ ബോര്ഡിങ്ങിലാക്കിയ മനുഷ്യൻ ഇതല്ല ഇതിനപ്പുറവും പറയുന്നതിൽ എന്താണത്ഭുദം ..അയാളുടെ ലോകം അയാളുടെ സാമ്രാജ്യം അതിനിടയിൽ താൻ എന്തിനാണ് നിൽക്കുന്നത് എന്നവൾ പലപ്പോഴും ചിന്തിക്കാറുണ്ട് ഒരുപക്ഷെ ഒരു വേലക്കാരിയുടെ സ്ഥാനമാവാം ..ജീവിതത്തിൽ ചായം തേച്ചതല്ലേ കെട്ടിയാടുക തന്നെ ..
പിറ്റേന്ന് തന്നെ കാര്യങ്ങൾ എല്ലാം അവൾ അച്ഛനെ വിളിച്ചു പറഞ്ഞു ..എത്താവുന്ന ദൂരം ആണെങ്കിൽ ഞാൻ വന്നേനെ അച്ഛാ ..പക്ഷെ ഇതിപ്പോ ..
ഹാ സാരമില്ല മോളെ നീ സന്തോഷമായി ഇരുന്നാൽ മതി അച്ഛൻ പറഞ്ഞു നിർത്തി .
സന്തോഷം ആ വാക്ക് അവളെ ഇരുപത് വർഷങ്ങൾക്കപ്പുറത്തേക്ക് കൊണ്ട് പോയി .വീട്ടിലെ നാലുകെട്ടിൽ വിരുന്നെത്തിയ ആ പൊടിമീശക്കാരൻ പയ്യൻ അവിടുത്തെ പെണ്ണുങ്ങളുടെ ഒക്കെ ആരാധനാപുരുഷൻ ആയി പെട്ടെന്ന് തന്നെ മാറി.കഴുത്തിൽ ടൈ ധരിച്ച ,അലക്കിത്തേച്ച വസ്ത്രവുമായി അയാൾ നടന്നു വരുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ആണെന്ന് പലരും അഭിപ്രായപ്പെട്ടു …പക്ഷെ പൊടിമീശക്കാരന് കുപ്പിവളകൾ കൈകളിലണിഞ്ഞ ഇരുനിറക്കാരിയെ ആണ് ബോധിച്ചത് ..
അന്നൊരല്പം അഹങ്കാരം ഒക്കെ തോന്നിത്തുടങ്ങിയിരുന്നു .അമ്മയില്ലാത്ത ആ കുട്ടി അന്ന് അനുരാഗത്തിന്റെ സുഗന്ധം നുകർന്ന് തുടങ്ങി …ഏതാഗ്രഹത്തിനും എതിരു നിൽക്കാത്ത അച്ഛൻ ശ്രീകുമാർ എന്ന ആ പയ്യന് കൈപിടിച്ചു കൊടുക്കുമ്പോൾ ഒരു കാര്യം മാത്രമാണ് പറഞ്ഞത് .മോളെ നീ സന്തോഷമായി ഇരുന്നാൽ മതി …
ഭൂതകാലത്തിലെ ഓർമ്മകൾ അയവിറക്കി അതിലൊരാശ്വാസം കണ്ടെത്താറുള്ള അവൾക്ക് പക്ഷെ ഈ ഓർമ്മകൾ കനത്ത മുറിവാണ് ഏൽപ്പിച്ചത് …
ആഴ്ചകൾ കടന്ന് പോയി ശ്രീകുമാർ ബിസിനസ് ടൂർ ആയി സ്വിസർലാൻഡിലാണ് ..ഏകാന്തതയുടെ പാരമ്യത്തിൽ എത്തിയപ്പോൾ ദേവിക പതുക്കെ പുറത്തേക്കിറങ്ങി ..കുട്ടികളുടെ പാർക്കിലെ ആ കാഴ്ച്ച അവളെ വല്ലാതെ സ്പർശിച്ചു ഒരു കുട്ടിയെ അച്ഛൻ കൈപിടിച്ചു കൊണ്ട് പോവുകയാണ് ഇടയ്ക്കിടെ അവൾ തെന്നുന്നുണ്ടോ എന്നയാൾ നോക്കുന്നുണ്ട് .പണ്ട് ട്രെയിൻ കാണാൻ തന്നെ അച്ഛൻ കൊണ്ടുപോകാറുള്ളത് അവൾ പെട്ടെന്ന് ഓർത്തു .ചെറിയമ്മമാരുടെ കുത്തുവാക്കുകൾക്കിടയിലും അച്ഛൻ പറയും നീ എന്റെ രാജകുമാരി അല്ലെ പിന്നെന്താ ??
കണ്ണീരു വറ്റിയ തന്റെ കണ്ണിൽ നിന്നും ഒരു കണം താഴേക്ക് പതിച്ചതിൽ അവൾക്ക് അത്ഭുദം തോന്നി ..
ഇവിടെ എത്തിയതിൽ പിന്നെ താൻ കരയാൻ പോലും മറന്നിരിക്കുന്നു ..
അവൾ തിരക്കിട്ട് ഫോണിൽ നമ്പർ ഡയല് ചെയ്തു, ലിറ്റിൽ ഫ്ലവർ കോളേജിലെ മകനോട് രണ്ട് വാക്ക് സംസാരിക്കാൻ അവൾക്ക് ഏറെ പ്രയാസം അനുഭവപ്പെട്ടു ..മാസങ്ങൾക്ക് മുന്നേ കേട്ട ശബ്ദം ആണ് ,മോനെ നീ അച്ഛനെ നന്നായി നോക്കണം അതിപ്പോ നീ എത്ര തിരക്കായാലും കരച്ചിലടക്കി അവർ പറഞ്ഞുനിർത്തി തിരക്കിട്ട് കയ്യിൽ കിട്ടിയ പേപ്പറിൽ എഴുതി ഐആം സോറി ശ്രീകുമാർ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ഒരു നന്നങ്ങാടി ആയി ജീവിക്കാൻ ഞാൻ വിചാരിക്കുന്നില്ല ..എനിക്ക് എന്റേതായ ഇഷ്ടങ്ങളുണ്ട് അഭിപ്രായങ്ങൾ ഉണ്ട് ,കാപട്യം നിറഞ്ഞ തന്റെ ജീവിതത്തിൽ ഇനി ഞാനില്ല ..
ബൈ .
തിരക്കിട്ട് അവൾ മണ്ണെണ്ണ പാത്രം എടുത്തു *******
അച്ഛാ …ഇപ്പോഴത്തെ ഈ സുഖം ഉണ്ടല്ലോ അത് മതി നമുക്ക് ഈ നാലു ചുവരുകളും തരുന്ന ഒരാനന്ദം ഉണ്ട് അത് മതി അത് മാത്രം ..ഒന്നുടെ എന്നെ രാജകുമാരീ ന്ന് വിളിക്കുവോ അച്ഛന്റെ മടിയിൽ കിടന്ന് ദേവു ചോദിച്ചു നിറഞ്ഞൊഴുകിയ ആ വൃദ്ധന്റെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായിരുന്നു .. ..

ഈ ആനന്ദ നിമിഷങ്ങൾക്ക് സാക്ഷിയായി സ്വർഗം എന്ന ആ ഓൾഡേജ് ഹോമിലെ അന്തേവാസികളും ഇന്ത്യൻ എംബസിയിലെ സുഷമയും നിൽപ്പുണ്ടായിരുന്നു ..ഒരു കള്ളച്ചിരിയോടെ തന്നെ തന്റെ അച്ഛന്റെ അടുത്ത് സുരക്ഷിതമായി എത്തിച്ച സുഷമയോട് അവൾ നന്ദി പറഞ്ഞു …സാൻഫ്രാന്സിസ്കോ ഫ്ളാറ്റിലെ ശേഷിപ്പായ കല്യാണ ഫോട്ടോകളും ശ്രീകുമാർ അയച്ച പ്രണയലേഖനങ്ങളും കത്തിയമരുകയായിരുന്നു അപ്പോൾ ..അതെ ദേവിക മരിച്ചു …അല്ല ദേവിക എന്ന നന്നങ്ങാടി മരിച്ചു.

 

 

രഞ്ജിത്ത് ശിവ ഹരി
ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ ബികോം രണ്ടാം വർഷ വിദ്യാർത്ഥി.
ആനുകാലികങ്ങളിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിരവധി സാഹിത്യ മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടിയിട്ടുണ്ട്

 

 

 

ചിത്രീകരണം : അനുജ കെ