ജോജി തോമസ്

രാഷ്ട്രീയം ഒരു കലയാണെന്നാണഅ പറയപ്പെടുന്നത്. പക്ഷേ കഴിഞ്ഞ കുറേക്കാലമായി ഇന്ത്യന്‍ ജനത കാണുന്നത് ആ കലയുടെ ഏറ്റവും വികൃതമായ മുഖമാണ്. പണവും മസില്‍ പവറും ഉപയോഗിച്ച് അധികാരത്തിന്റെ പുതിയ വഴികള്‍ എങ്ങനെ തേടിപ്പിടിക്കാമെന്നതിന്റെ നേര്‍ കാഴ്ച്ചയാകുകയാണ് ഇന്ത്യന്‍ ജനാധിപത്യം. അധികാരത്തിന്റെ ഈ പിന്നാമ്പുറ കളികള്‍ ഇന്ത്യ രാഷ്ട്രീയത്തില്‍ ആരംഭിച്ചിട്ട് കാലങ്ങള്‍ കുറെയായെങ്കിലും ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ വഴികളിലൂടെ വെന്നിക്കൊടി പാറിച്ച് വിജയരഥത്തില്‍ മുന്നേറുന്നത് മോഡി-ഷാ കുട്ടുക്കെട്ടാണ്. ഗോവയും മണിപ്പൂരും കര്‍ണാടകയുമെല്ലാം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ വൈകൃതത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

കുതിരക്കച്ചവടം എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ഈ രാഷ്ട്രീയ നിലവാര തകര്‍ച്ചയ്ക്ക് 1980കളിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തുടക്കമിടുന്നതെങ്കിലും കുതിരക്കച്ചവടം രാഷ്ട്രീയ ധാര്‍മികതയ്ക്ക്‌മേല്‍ ഒരു ചോദ്യ ചിഹ്നമായി വളരാന്‍ ആരംഭിച്ചത് നരസിംഹറാവുവിന്റെ കാലത്തേ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച കോഴ ഇടപാടോടെയാണ്. കുതിരക്കച്ചവടത്തിന്റെ ഒരു സ്ഥാപനവത്ക്കരണം ആരംഭിക്കുന്നതും ഇതോടു കൂടിയാണ്. നരസിംഹറാവു തന്റെ ന്യൂനപക്ഷ ഗവണ്‍മെന്റിനെ നിലനിര്‍ത്താന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെയും ജനതാദളിലെയും ഉള്‍്‌പ്പെടെ പത്തോളം പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കോഴ നല്‍കിയെന്ന ആരോപണമാണ് പ്രസ്തുത കേസിന് ആധാരം.

പാര്‍ലമെന്റ് അംഗങ്ങളുടെ വോട്ട് വിലക്കെടുത്തെന്ന ആരോപണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശ്വാസതയ്ക്കും ധാര്‍മികതയ്ക്കും എല്‍പ്പിച്ച ക്ഷതം വളരെ വലുതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമായിരുന്നു. മറ്റു പാര്‍ട്ടികളെ പിളര്‍ത്താനും വിലക്കെടുക്കാനും നരസിംഹറാവു പ്രകടിപ്പിച്ച അസാധാരണമായ മെയ്വഴക്കവും തന്ത്രങ്ങളും കൗശലവുമാണ് ഇപ്പോള്‍ ഭരണം നിലനിര്‍ത്താനും വെട്ടിപ്പിടിക്കാനും നരേന്ദ്ര മോഡി തെരഞ്ഞെടുത്തിരിക്കുന്നത്. ഇത്തരത്തില്‍ ചിന്തിച്ചാല്‍ നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ ഗുരുസ്ഥാനവും മാതൃകയും നരസിംഹറാവുവാണ്. റാവുവിന് ഇല്ലാതിരുന്ന ജനകീയതയും ഫാഷിസ്റ്റ് മുഖവും നരേന്ദ്ര മോഡിയില്‍ സമ്മേളിച്ചിരിക്കുന്നു എന്നതാണ് ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

കുതിരക്കച്ചവടം എന്ന വാക്കിന്റെ ഉത്ഭവം പതിനെട്ടാം നൂറ്റാണ്ടിലാണ്. വ്യാപാരത്തില്‍ കൗശലങ്ങളും തന്ത്രങ്ങളും ഉപയോഗിച്ചിരുന്ന കുപ്രസിദ്ധരായ കുതിരക്കച്ചവടക്കാരില്‍ നിന്നാണ് ഈ വാക്ക് ഉദയം ചെയ്യുന്നത്. പില്‍ക്കാലത്ത് രാഷ്ട്രീയത്തിലെ നെറികെട്ട രീതികളെ വിശേഷിപ്പിക്കുന്ന ഭാഷാപ്രയോഗമായി കുതിരക്കച്ചവടം മാറി. പക്ഷേ കുതിരക്കച്ചവടം അതിന്റെ എല്ലാ അര്‍ത്ഥത്തിലും കാണാന്‍ സാധിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലാണ്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ തങ്ങളുടെ രാഷ്ട്രീയ വിശ്വാസവും ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും പൊടുന്നനെ ഉപേക്ഷിച്ച് മറുകണ്ടം ചാടുന്നത് ഇന്ത്യന്‍ പാര്‍ലമെന്റ്‌റി ജനാധിപത്യത്തെ പാരിഹാസ്യമാക്കുന്നു. രാഷ്ട്രീയ കക്ഷികള്‍ക്ക് തങ്ങളുടെ ജനപ്രതിനിധികളില്‍ എത്രമാത്രം വിശ്വാസ്യമുണ്ടെന്നതിന് തെളിവാണ് റിസോര്‍ട്ട് രാഷ്ട്രീയം.

അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ ഒരു ജനപ്രതിനിധിയുടെ വില നൂറുകോടിയും കവിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗോവയിലും മണിപ്പൂരിലുമെല്ലാം മന്ത്രി പദവി, പണം, കോര്‍പ്പറേഷന്‍, സ്ഥാനം, വാഹനം എന്നിവയെല്ലാം കതിരക്കച്ചവടത്തിന്റെ പ്രതിഫല ഇനങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് കൂറുമാറ്റ നിരോധന നിയമം പ്രാബല്യത്തില്‍ വന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുതിരക്കച്ചവടത്തിന്റെ സാധ്യതകള്‍ക്ക മേല്‍ കടിഞ്ഞാണ്‍ വീണത് കുറുമാറ്റ നിരോധന നിയമത്തിലൂടെയാണ്. ഒരു പക്ഷേ കൂറുമാറ്റ നിരോധന നിയമം നിലവില്ലായിരുന്നെങ്കില്‍ പല സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണസ്ഥിരതയെന്നു പറയുന്നത് ഒരു സ്വപ്‌നം മാത്രമായി അവശേഷിച്ചേനെ. എങ്കിലും കൂറുമാറ്റ നിരോധന നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചും അല്ലാതെയും കുതിരക്കച്ചവടം പല അവസരങ്ങളിലും തകര്‍ത്താടുന്നുണ്ട്. ഒരുപക്ഷേ ഇന്ത്യയില്‍ കേരളം മാത്രമാകും രാഷ്ട്രീയ രംഗത്തെ ഈ വികൃത കലയില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നത്. രാഷ്ട്രീയ പ്രബുദ്ധതയില്‍ പേര് കേട്ട കേരള ജനതയെ ഭയപ്പെട്ടാണ് രാഷ്ട്രീയക്കാര്‍ കേരളത്തില്‍ കുതിരക്കച്ചവടത്തില്‍ നിന്നും ഒഴിവായി നില്‍ക്കുന്നത്. കുതിരക്കച്ചവടത്തിലൂടെ ഭരണം പിടിക്കുന്നവര്‍ ഏതു മാര്‍ഗത്തിലൂടെയും ചിലവഴിച്ച പണം തിരികെ പിടിക്കുന്നതിനുള്ള വെമ്പലിലാവും ഭരണം മുന്നോട്ട് കൊണ്ടുപോവുക. അതിനാല്‍ തന്നെ രാഷ്ട്രീയ ധാര്‍മകതയില്‍ ഉപരിയായി കുതിരക്കച്ചവടം ജനാധിപത്യത്തിന്‍ മേലുള്ള കടന്നു കയറ്റമാണ്.

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.