ഗോദ്ര കലാപത്തിന് ശേഷം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പുറത്താക്കാൻ പ്രധാനമന്ത്രി അഡൽ ബിഹാരി വാജ്പേയ് തീരുമാനിച്ചിരുന്നതായി മുൻ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിൻഹ. അത് തടഞ്ഞത് വാജ്പേയ് മന്ത്രി സഭയിലെ ആഭ്യന്തര മന്ത്രി എൽ.കെ അദ്വാനിയാണെന്നും യശ്വന്ത് സിൻഹ വ്യക്തമാക്കി. എൽ.കെ അദ്വാനി രാജിഭീഷണി മുഴക്കിയാണ് വാജ്പേയ്‌യുടെ നീക്കം തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” ഗുജറാത്തിലുണ്ടായ വർഗിയ കലാപങ്ങൾക്ക് ശേഷം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ രാജിവെപ്പിക്കാൻ പ്രധാനമന്ത്രി അഡൽ ബിഹാരി വാജ്പേയ് തീരുമാനിച്ചതാണ്. 200ൽ ഗോവയിൽ നടന്ന ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽ മോദി രാജി വയ്ക്കുന്നില്ല എങ്കിൽ ഗുജറാത്ത് സർക്കാരിനെ തന്നെ പിരിച്ചുവിടുമെന്ന് വാജ്പേയ് പ്രഖ്യാപിച്ചു.” യശ്വന്ത് സിൻഹ പറഞ്ഞു.

“എന്നാൽ പാർട്ടിക്കുള്ളിൽ നടന്ന മറ്റൊരു ചർച്ചയിൽ അദ്വാനി ഇതിനെ ശക്തമായി എതിർത്തു. മോദിയെ പുറത്താക്കിയാൽ കേന്ദ്ര സർക്കാരിൽ നിന്ന് താനും രാജിവയ്ക്കുമെന്ന് അദ്വാനി ഭീഷണിപ്പെടുത്തി. ഇതേതുടർന്നാണ് വാജ്പേയ് തീരുമാനം പിൻവലിച്ചതും മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായി തുടർന്നതും,” യശ്വന്ത് സിൻഹ കൂട്ടിച്ചേർത്തു.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി സ്വകാര്യ ആവശ്യങ്ങൾക്ക് ആയി ഐഎൻഎസ് വിരാട് ഉപയോഗിച്ചു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെയും യശ്വന്ത് സിൻഹ തള്ളി. നരേന്ദ്ര മോദി ഇത്തരത്തിൽ കള്ളം പറയുന്നത് പ്രധാനമന്ത്രി പദത്തിന് ചേർന്ന നടപടിയല്ലെന്നായിരുന്നു യശ്വന്ത് സിൻഹയുടെ പ്രതികരണം.

” രജീവ് ഗാന്ധി ഐഎൻഎസ് വിരാട് സ്വകാര്യ ടാക്സിയാക്കി എന്നുള്ള ആരോപണത്തിലൊന്നും കാര്യമില്ല. മുൻ നേവൽ ഓഫീസർ തന്നെ ഇതിന് വ്യക്തത നൽകി കഴിഞ്ഞു. നരേന്ദ്ര മോദി ഇത്തരത്തിൽ കള്ളം പറയുന്നത് പ്രധാനമന്ത്രി പദത്തിന് ചേർന്ന നടപടിയല്ല,” യശ്വന്ത് സിൻഹ പ്രതികരിച്ചു.

ഗാന്ധി കുടുംബം ഒരു കപ്പലും സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുൻ നേവൽ സ്റ്റാഫ് അഡ്മിറൽ എൽ രാംദാസ് പറഞ്ഞിരുന്നു. രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ ഭാര്യയായ സോണിയ ഗാന്ധിയും 1987 ഡിസംബറിൽ ഐഎൻഎസ് വിരാടിൽ യാത്രചെയ്തിരുന്നെന്നും ലക്ഷ്വദ്വീപിൽ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് തിരുവനന്തപുരത്ത് നിന്നാണ് പുറപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വാജ്പേയ് മന്ത്രിസഭയിൽ അംഗമായിരുന്ന യശ്വന്ത് സിൻഹ മോദി വിരുദ്ധ പരാമർശങ്ങളുടെ പേരിൽ നിരവധി തവണ ശ്രദ്ധ നേടിയിരുന്നു.