മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സിനിമ മേഖലയ്ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ ബോളിവുഡ് താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. ഷാരൂഖ് ഖാനും ആമിര്‍ ഖാനുമടക്കമുള്ള താരങ്ങളാണ് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം കൂടിക്കാഴ്ചയ്‌ക്കെത്തിയത്. സോനം കപൂര്‍, കങ്കണ റാണട്ട്, സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി തുടങ്ങിയവരാണ് പ്രധാനമന്ത്രിയെ കണ്ടത്. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുമായും അദ്ദേഹത്തിന്റെ ആശയങ്ങളുമായും ബന്ധപ്പെട്ട് സിനിമകളും ടെലിവിഷന്‍ ഷോകളും മറ്റും ഒരുക്കുക എന്നത് സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. സര്‍ഗശേഷിയുടെ കരുത്തിനെ രാജ്യത്തിനായി ഉപയോഗിക്കേണ്ടതുണ്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള സംഭാഷണം വളരെ ഉന്മേഷം നല്‍കുന്നതും പോസിറ്റീവ് ആയതുമായിരുന്നു എന്ന് ഷാരൂഖ് ഖാനും ആമിര്‍ ഖാനും വീഡിയോയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ചിന്തകള്‍ കേള്‍ക്കാന്‍ കഴിഞ്ഞത് വളരെ സന്തോഷകരമായിരുന്നു. അദ്ദേഹം വളരെയധികം പ്രചോദനം നല്‍കുന്ന മനുഷ്യനാണെന്നും ആമിര്‍ ഖാന്‍ അഭിപ്രായപ്പെട്ടു. അതേസമയം മഹാത്മ ഗാന്ധിയെ ഇന്ത്യക്കും ലോകത്തിനും വീണ്ടും പരിചയപ്പെടുത്തേണ്ടതുണ്ട് എന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.

 

ഇത്തരത്തില്‍ ഒരു കൂട്ടായ്മയുണ്ടാക്കിയ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായും ഷാരൂഖ് ഖാന്‍ പറഞ്ഞു. സിനിമ രംഗത്തെ കലാകാരന്മാരേയും സിനിമ ഇന്‍ഡസ്ട്രിയേും ഇത്രത്തോളം തുറന്ന സമീപനത്തോടെ കണ്ട മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്ന് കങ്കണ റാണട്ട് അഭിപ്രായപ്പെട്ടു.