ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചാലഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തു. യോഗയും മറ്റു വ്യായാമങ്ങളും ചെയുന്ന വീഡിയോ മോദി ട്വിറ്ററില്‍ പങ്കുവച്ചു. എല്ലാ ഇന്ത്യക്കാരും ദിവസവും വ്യായാമം ചെയുന്നതിന് സമയം നീക്കി വയ്ക്കണമെന്ന് മോദി ട്വിറ്റിലെഴുതിയിട്ടുണ്ട്.

‘തന്റെ പുലര്‍കാല വ്യായമങ്ങളിലെ ചില ദൃശ്യങ്ങളും ഇതിന് ഒപ്പം പങ്കുവയ്ക്കുന്നു. യോഗയ്ക്കു പുറമെ പഞ്ചഭൂതങ്ങളായ പൃഥ്വി, അഗ്‌നി, ജലം, വായു, ആകാശം എന്നിവയെ പ്രതിനിധീകരിക്കുന്ന കൃതിമമായ ട്രാക്കിലൂടെ നടക്കുന്നുണ്ട്. ഇത് മനസിനെ ശുദ്ധീകരിക്കുന്നതായും’ അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

മോദി ഫിറ്റ്‌നസ് ചാലഞ്ചിന് വേണ്ടി മുന്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി, ടേബിള്‍ ടെന്നീസ് താരം മാനിക ബത്ര എന്നിവരെ വെല്ലുവിളിച്ചിട്ടുണ്ട്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് മോദിയെ ഫിറ്റ്‌നസ് ചാലഞ്ചിന് വെല്ലുവിളിച്ചത്. നേരത്തെ വിരാട് കോഹ്ലി 20 സ്‌പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഫിറ്റ്നസ് ചാലഞ്ചിന് വിരാട് മൂന്നു പേരെ ട്വിറ്ററിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മ, സഹതാരം എം എസ് ധോണി, പ്രധാനമന്ത്രി മോദി എന്നിവരെയാണ് താരം വെല്ലുവിളിച്ചത്.

ഈ ഫിറ്റ്‌നസ് ചാലഞ്ചിന് തുടക്കമിട്ടത് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡാണ്. പുഷ് അപ്പ് ചെയുന്ന വീഡിയോ സഹിതമായിരുന്നു റാത്തോഡിന്റെ വെല്ലുവിളി. കോഹ്ലി, സൈന നെഹ്വാള്‍, ഹൃത്വിക്ക് റോഷന്‍ എന്നിവരാണ് അദ്ദേഹം വെല്ലുവിളിച്ചത്.

ഹൃത്വിക്കും ഈ വെല്ലുവിളി ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡയയില്‍ ഹൃത്വിക്ക് സൈക്കിംഗ് നടത്തുന്ന വീഡിയോ ഇതിന്റെ ഭാഗമായിട്ട് പങ്കുവച്ചിരുന്നു.