ഗുരുവായൂര്‍: നാടന്‍ വേഷത്തിലെത്തി മലയാളികളുടെ ഹൃദയം കവര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മുണ്ടും വേഷ്ടിയും ധരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ നരേന്ദ്ര മോദി മലയാളം കൂടി പറഞ്ഞതോടെ മലയാളികള്‍ക്ക് ആവേശമായി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ശ്രീകൃഷ്ണ സ്‌കൂള്‍ മൈതാനത്ത് നടന്ന പൊതുയോഗത്തിലാണ് മോദി മലയാളം പറഞ്ഞത്.

കൊച്ചി നേവല്‍ ബേസില്‍ നിന്ന് ഹെലികോപ്ടറില്‍ ഗുരുവായൂരിലെത്തിയ നരേന്ദ്ര മോദി ധരിച്ചിരുന്നത് മുണ്ട് ആയിരുന്നു. ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ അദ്ദേഹം വേഷ്ടി ധരിക്കുകയും ചെയ്തു. മുണ്ടെടുത്ത നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

ആദ്യമായല്ല മോദി മുണ്ട് ധരിച്ച് പ്രത്യക്ഷപ്പെടുന്നത്. ഇതിനു മുന്‍പും മുണ്ട് ചുറ്റിയുള്ള ലുക്കില്‍ മോദിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോര്‍ട്ട് ബ്ലെയറില്‍ മുണ്ടും ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു അത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മോദി ഈ ചിത്രം പങ്കുവച്ചത്. ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചതിന്റെ 75-ാമത്തെ വാർഷികത്തിന്റെ ഭാഗമായി പോർട്ട് ബ്ലെയറിൽ എത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇതിന് മുമ്പ് മുണ്ട് പരീക്ഷിച്ചത്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് മുണ്ട് ധരിച്ചപ്പോഴും മോദിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു.

മുണ്ട് ധരിച്ച് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ നരേന്ദ്ര മോദി പൊതുപരിപാടിയിലേക്ക് എത്തിയപ്പോൾ മലയാളം പറഞ്ഞതും ഏറെ അതിശയിപ്പിച്ചു. “പ്രിയപ്പെട്ട സഹോദരി, സഹോദരൻമാരെ…”എന്ന അഭിസംബോധനയാണ് മോദി പൊതുയോഗത്തിനിടയിൽ നടത്തിയത്. തുടർന്ന് “എല്ലാവർക്കും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ” എന്നും മോദി പറഞ്ഞു. വലിയ ഹർഷാരവത്തോടെയാണ് മോദിയുടെ മലയാളത്തെ സദസിലുള്ളവർ സ്വീകരിച്ചത്.