അഹമ്മദാബാദ്: നരോദപാട്യ കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത്  മുന്‍ മന്ത്രി മായ കോട്‌നാനിയെ വെറുതെ വിട്ടു.  സംശയത്തിന്റെ ആനുകൂല്യത്തിലാണ് വിട്ടയ്ക്കുന്നതെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബംജ്‌റംഗിയുടെ ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. ജീവപര്യന്തം തടവായിരുന്നു വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നത്.

നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത് മുന്‍ മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ മായ കോട്‌നാനിയടക്കം 29 പേര്‍ക്ക് വിചാരണ കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. 28 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച മായാ കോട്‌നാനി ഇപ്പോള്‍ ജാമ്യത്തിലാണ്.

2002 ഗുജറാത്ത് കലാപത്തിനിടയില്‍ മായ കോട്‌നാനിയുടെ നേതൃത്വത്തില്‍ അക്രമികള്‍ നരോദപാട്യ മേഖലയില്‍ 97 പേരെ കൂട്ടക്കൊല ചെയ്തുവെന്നാണ് കേസ്. ഗുജറാത്ത് കലാപത്തില്‍ ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടതും നരോദ്യ പാട്യയിലായിരുന്നു. കലാപം നടക്കുന്ന സമയത്ത്, ഗൈനക്കോളജിസ്റ്റായ മായ കോട്‌നാനി ഗുജറാത്തിലെ വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്നു.

2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ തീവണ്ടി കത്തിച്ചതിന്റെ പിറ്റേദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണു അഹമ്മദാബാദിലെ നരോദാ ഗാമില്‍ അഞ്ചായിരത്തോളം പേരടങ്ങുന്ന ആള്‍ക്കൂട്ടം കലാപമുണ്ടാക്കിയത്. ഇതില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. പലരെയും ജീവനോടെ കത്തിക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തു.