കടലിനടിയില്‍ അസാധാരണ പിരിമുറുക്കമുണ്ടെന്ന് സമുദ്ര ശാസ്ത്രജ്ഞര്‍. ഇത് ആശങ്കാ ജനകമാണെന്നും കൊച്ചി പുതുവൈപ്പിനിലെ കേന്ദ്ര മറൈന്‍ ലിവിങ് റിസോഴ്‌സിലെ ഓഷ്യന്‍ 19 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഡോള്‍ഫിന്‍, ഈല്‍, ടോഡ് ഫിഷ്, തിമിംഗലം തുടങ്ങിയ മീനുകളും കടല്‍ ജന്തുക്കളും പ്രത്യേകം ശബ്ദമുണ്ടാക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി (നിയോട്)യിലെ ശാസ്ത്രജ്ഞ ഡോ. ജി. ലത വിവരിച്ചു. മഴ, കാറ്റ്, കൊടുങ്കാറ്റ്,കപ്പല്‍സഞ്ചാരം തുടങ്ങിയവയും കടലില്‍ ശബ്ദമുണ്ടാക്കും.

ഈ ശബ്ദങ്ങളെക്കുറിച്ച്‌ നിയോട് പഠനം നടത്തുകയാണെന്ന് അവര്‍ പറഞ്ഞു. ഈ ശബ്ദങ്ങളും അന്തര്‍വാഹിനിയുടെ ശബ്ദവും തിരിച്ചറിയുക പ്രധാനമാണെന്ന് നേവല്‍ ഫിസിക്കല്‍ ഓഷ്യനോഗ്രാഫിക് ലബോറട്ടറിയിലെ ഡോ. ഹരീഷ് കുമാര്‍ പറഞ്ഞു. ഇതിനുള്ള പഠനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കടലിനടിയിലെ ഭൂകമ്ബത്തെ തുടർന്നായിരുന്നു രണ്ടുലക്ഷത്തിലധികം പേര്‍ മരിച്ച സുനാമി 2005 ല്‍ എത്തിയത്, മൂന്നു മാസത്തിനുള്ളില്‍ വീണ്ടും ഭൂചലനം ഉണ്ടായി. കടലില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഭൂ പ്രതലത്തില്‍ അസാധാരണമായ പിരിമുറുക്കം ഉണ്ടാകുന്നുവെന്നാണെന്ന് പഠനം വ്യക്തമാക്കുന്നതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. പൂര്‍ണചന്ദ്രറാവു വിശദീകരിച്ചു. കാലാവസ്ഥാ ഭേദം കടലിലും ഉണ്ടാക്കുന്ന വ്യത്യാസങ്ങളെക്കുറിച്ച്‌ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച്‌ ഡയറക്ടര്‍ ഡോ. എം. രവിചന്ദ്രന്‍ വിവരിച്ചു.