ലാഹോര്‍: ലണ്ടനില്‍ നിന്നു വീട്ടിലേക്ക് വരുന്ന പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകളെയും സ്വീകരിക്കാനുള്ള സംഘം പാകിസ്താനില്‍ തയ്യാറായി. അഴിമതിക്കേസില്‍ പത്തു വര്‍ഷം തടവിന് ശിക്ഷിച്ച ഷെരീഫ് ഉള്‍പ്പെട്ട വിമാനം പാകിസ്താനില്‍ ഇറങ്ങുമ്പോള്‍ തന്നെ കയ്യോടെ പിടികൂടാന്‍ നാഷണല്‍ അക്കൗണ്ടന്‍സി ബ്യൂറോ, (നാബ്) തയ്യാറായി നില്‍ക്കുകയാണ്. ലാഹോറിലെ അലമ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇസ്‌ളാമബാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നാബിന്റെ രണ്ടു ടീമാണ് സജ്ജമായി നില്‍ക്കുന്നത്.

എവിടെ ഇറങ്ങിയാലും പിടികൂടണമെന്ന രീതിയിലാണ് നാബിന്റെ രണ്ടു ടീമുകള്‍ സജ്ജമായിരിക്കുന്നത്. അബുദാബിയില്‍ നിന്നുള്ള വിമാന യാത്രമദ്ധ്യേ തന്നെ ഷെരീഫിനേയും മകള്‍ മറിയം നവാസിനേയും അറസ്റ്റ് ചെയ്‌തേക്കുമെന്നും ഹെലികോപ്റ്ററിലേക്ക് മാറ്റി ജയിലിലേക്ക് കൊണ്ടുപോകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിനെ തുടര്‍ന്നുള്ള അത്യാഹിതങ്ങള്‍ പരിഗണിച്ച് 10,000 അധിക പോലീകാരെയാണ് ലാഹോറില്‍ മാത്രം വിന്യസിപ്പിച്ചിരിക്കുന്നത്. ഡസന്‍ കണക്കിന് ഇടങ്ങളില്‍ നടത്തിയ റെയ്ഡിലൂടെ 144 ന്റെ ലംഘനം ആരോപിച്ച് നവാസ് ഷെരീഫിന്റെ 300 ലധികം പാര്‍ട്ടി പ്രവര്‍ത്തകരെയാണ് നേരത്തേ പാക് പോലീസ് പൊക്കിയത്. ഇവരെ 30 ദിവസത്തേക്ക് ജയിലില്‍ അടച്ചിരിക്കുകയാണ്.

പിഎംഎല്‍-എന്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്ന് കടുത്ത ട്രാഫിക് നിയന്ത്രണങ്ങളാണ് ലാഹോറില്‍ എമ്പാടും വരുത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി തന്നെ വിമാനത്താവളങ്ങളിലേക്കുള്ള റോഡുകള്‍ നഗരത്തിലേക്കുള്ള പാതകള്‍ എന്നിവ ട്രാഫിക് പോലീസ് അടച്ചു. അതിനിടയില്‍ ഷെരീഫിന്റെ ഇളയ സഹോദരനും പിഎംഎല്‍-എന്‍ പാര്‍ട്ടിയുടെ നിലവിലെ പ്രസിഡന്റുമായ ഷെഹ്ബാസ് ഷെരീഫാണ് വിമാനത്താവളത്തിലേക്കുള്ള റാലി നയിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. റാലിയില്‍ പാര്‍ട്ടി അണികളെ പ്രചോദിപ്പിക്കാന്‍ ഷെരീഫിന്റെ മാതാവും റാലിയില്‍ പങ്കെടുത്തേക്കും.

ശക്തമായ കരുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിമാനത്താവളത്തില്‍ അധികൃതര്‍ക്ക് ജനസമുദ്രത്തെ തന്നെ നേരിടേണ്ടി വരുമെന്നാണ് അനുജന്‍ ഷെരീഫ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഇടപെടല്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. റാലികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്നാണ് നിയമമെങ്കിലും ഷെഹ്ബാസ് ഷെരീഫ് അനുമതി നേടിയിട്ടില്ല. നവാസ് ഷെരീഫിന്റെ മടങ്ങിവരവില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടെലിവിഷന്‍ ന്യൂസ് ചാനലുകള്‍ പാകിസ്താന്‍ വാര്‍ത്താ വിതരണ അധികൃതരായ പെംറാ വാര്‍ത്ത കൊടുക്കുന്നതിനെതിരേ കടുത്ത മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. ഗ്‌ളാമറസ് ക്രൈമുകള്‍, നീതിന്യായ വിഭാഗം, പാക് സൈന്യം എന്നിവര്‍ക്കെതിരേ വാര്‍ത്ത കൊടുക്കാന്‍ പെംറാ നിയമം അനുസരിച്ച് അനുവാദമില്ല. അതേസമയം മുന്നറിയിപ്പ് കത്തില്‍ പെംറ മുന്‍ പ്രധാനമന്ത്രിയുടെ പേര് നല്‍കിയിട്ടില്ല. എന്നാല്‍ പെംറ മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പുതിയ മുന്നറിയിപ്പ് നവാസ് ഷെരീഫിന്റെ തിരിച്ചുവരവ് വെച്ച് തന്നെയാണെന്ന് വ്യക്തം.