താങ്കള്‍ ട്വിറ്ററില്‍ ഉണ്ടോ? ഈ ചോദ്യം സാധാരണക്കാരോടാണെങ്കില്‍ വലിയ അതിശയമൊന്നും തോന്നാനിടയില്ല. ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്നായിരിക്കും ഉത്തരം. എന്നാല്‍ ഇതേ ചോദ്യം ട്വിറ്ററില്‍ മുപ്പത് ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള ഒരാളോടാകുമ്പോള്‍ ചെറുതായൊന്ന് അമ്പരക്കും.

അമേരിക്കന്‍ ചാനലായ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ജേര്‍ണലിസ്റ്റ് ആയ മേഗിന്‍ കെല്ലി ഈ ചോദ്യം ചോദിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ്. ട്വിറ്ററില്‍ പോപ്പ് കഴിഞ്ഞാൽ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നേതാക്കളില്‍ ഒരാളാണ് മോദി.

റഷ്യയിലെ സെയിന്‌റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വച്ച് ഒരു അത്താഴവിരുന്നിനിടെ റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാദിമീര്‍ പുടിനുമായി സംസാരിക്കുകയായിരുന്നു മോദി. അപ്പോഴാണ് കെല്ലി മോദിയോട് ട്വിറ്റര്‍ ഉപയോഗിക്കാറുണ്ടോ എന്ന് ചോദിച്ചത്.

കെല്ലി ഒരു കുടയുമായി പോസ് ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ ഇട്ടിരുന്നു. അതിനെ മോദി ശ്ലാഘിച്ചപ്പോഴാണ് പ്രധാനപ്പെട്ട ആ ചോദ്യം കെല്ലി ഉന്നയിച്ചത്. അത് കേട്ട് ചിരിക്കുകയല്ലാതെ എന്ത് ചെയ്യും ഇന്ത്യന്‍ പ്രധാനമന്ത്രി?