മുംബൈ: ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍. തിങ്കളാഴ്ച ഡോളറിന് 69.91 രൂപയാണ് വിനിമയ നിരക്ക്. സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദിര്‍ഹവുമായുള്ള വിനിമയനിരക്കിലും വന്‍മാറ്റം ഉണ്ടായിട്ടുണ്ട്. ദിര്‍ഹത്തിന് 19 രൂപയ്ക്ക് മുകളിലാണ് വിനിമയ നിരക്ക്. പൗണ്ടിന് 90 രൂപയ്ക്ക് മുകളിലേക്ക് വിനിമയ നിരക്ക് ഉയര്‍ന്നേക്കാമെന്ന സൂചനയുണ്ട്.

രൂപയുടെ മൂല്യം തകര്‍ന്നതോടെ പ്രവാസികള്‍ നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ്. യു.എ.ഇ.യിലെ ഒട്ടുമിക്ക മണി എക്‌സ്ചേഞ്ചുകളിലും തിങ്കളാഴ്ച തിരക്ക് കൂടുതലായിരുന്നു. വിവിധ ബാങ്കുകളുടെ മൊബൈല്‍ ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിലും വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വികസ്വര രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കുമെന്ന് നേരത്തെ ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളിയാഴ്ച 68.84 രൂപയിലായിരുന്നു വിനിമയം നടന്നത്. വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കരുതുന്നത്.

നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള സമീപകാല കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ രൂപയുടെ വിനിമയ മൂല്യത്തെ സ്വാധീനിച്ചതായി നിരീക്ഷര്‍ വ്യക്തമാക്കിയിരുന്നു. വിനിമയ നിരക്കിലെ തകര്‍ച്ച തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.