ലണ്ടന്‍: ചൊവ്വാഴ്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയ ഇരുപത്തിനാല് മണിക്കൂര്‍ സമരത്തില്‍ പകുതിയോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ പങ്കെടുത്തില്ലെന്ന് എന്‍എച്ച്എസ്. ഇവര്‍ പതിവ് പോലെ ജോലി ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്കാണ് സമരം ആരംഭിച്ചത്. എന്നാല്‍ എന്‍എച്ച്എസിന്റെ കണക്കുകള്‍ പ്രകാരം 47.4 ശതമാനം ഡോക്ടര്‍മാര്‍ അന്ന് ജോലി ചെയ്തു. അടിയന്തര വിഭാഗത്തില്‍ ജോലി ചെയ്തവരുടെ അടക്കമുളള കണക്കുകളാണ് എന്‍എച്ച്എസ് പുറത്ത് വിട്ടിരിക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു. അപകട, അടിയന്തര വിഭാഗങ്ങളിലും തീവ്രപരിചരണ വിഭാഗങ്ങളിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കാറില്ല. 1975 മുതല്‍ തുടരുന്ന കീഴ് വഴക്കമാണിതെന്നും ബിഎംഎ ചൂണ്ടിക്കാട്ടുന്നു.
അടിയന്തര ചികിത്സയില്‍ ശസ്ത്രക്രിയകളും ഗര്‍ഭിണികള്‍ക്കുളള സേവനങ്ങളും പെടുന്നുണ്ട്. ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്തു. രാജ്യമെമ്പാടുമായി 150 പിക്കറ്റുകളാണ് നടന്നത്. ഈ മാസം 26നും ഡോക്ടര്‍മാര്‍ സമരം നടത്തുന്നുണ്ട്. അന്ന് നാല്‍പ്പത്തെട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുളള സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി 26ന് രാവിലെ എട്ടു മുതല്‍ സമരം തുടങ്ങും. ഈ സമരത്തിനിടയിലും അടിയന്തര അത്യാഹിത വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.

എന്‍എച്ച്എസ് പുറത്ത് വിട്ട കണക്കുകളോട് ആരോഗ്യ സെക്രട്ടറി ജെറെമി ഹണ്ട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ സമര ദിവസം വിട്ട് നിന്ന് നാല്‍പ്പത് ശതമാനം ഡോക്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചിരുന്നു. ചൊവ്വാഴ്ച പകല്‍ മുതല്‍ പിറ്റേന്ന് രാവിലെ വരെ ജോലി ചെയ്ത ഡോക്ടര്‍മാരുടെ കണക്കാണ് തങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നതെന്ന് എന്‍എച്ച്എസ് അവകാശപ്പെടുന്നു. ഡോക്ടര്‍മാരുടെ സമരം മൂലം ആയിരക്കണക്കിന് ശസ്ത്രക്രിയകള്‍ മാറ്റി വച്ചിരുന്നു. ആയിരക്കണക്കിന് അപ്പോയ്ന്റ്‌മെന്റുകളും പുനക്രമീകരിച്ചു.