ന്യൂസ് ഡെസ്ക്

യുകെയിൽ നിന്ന് നാട്ടിൽ പോയ മലയാളി കുടുംബങ്ങളുടെ തിരിച്ചുള്ള യാത്ര  വൈകും.  നെടുമ്പാശ്ശേരി എയർപോർട്ട് ആഗസ്റ്റ് 26 വരെ അടച്ചിടുകയാണെന്ന് സിയാൽ അധികൃതർ അറിയിച്ചു. സമ്മർ അവധിക്ക് കേരളത്തിലേയ്ക്ക് പോകാനിരുന്ന നിരവധി മലയാളി കുടുംബങ്ങളുടെ യാത്ര മുടങ്ങുകയാണ്. മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തിയ നിരവധി മലയാളി കുടുംബങ്ങളെ എയർലൈനുകൾ തിരിച്ചയച്ചു. എമിറേറ്റ്സിലും ഇത്തിഹാദിലും പോകാൻ ടിക്കറ്റ് എടുത്തിരുന്നവർക്കാണ് യാത്ര മുടങ്ങിയത്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം നിറുത്തി വച്ചതിനേത്തുടർന്നാണിത്. ടിക്കറ്റ് എടുത്തവർക്ക് മുംബൈ വരെ പോകാനുള്ള സൗകര്യം അത്യാവശ്യമെങ്കിൽ ഇത്തിഹാദ് എയർലൈൻ നല്കുന്നതായി അറിയുന്നുണ്ട്. പിന്നീടുള്ള യാത്ര സ്വന്തം റിസ്കിലായിരിക്കും. എമിറേറ്റ്സും ഇത്തിഹാദും എന്ന് സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടില്ല. കേരളത്തിലേയ്ക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തിരിക്കുന്നവർ വീട്ടിൽ നിന്ന് തിരിക്കുന്നതിനു മുൻപ് എയർലൈനുകളെ ബന്ധപ്പെടേണ്ടതാണ്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  കനത്ത മഴയില്‍  വെള്ളം കയറിയതിനെ തുടര്‍ന്നാണ് അടച്ചത്. 26 ന് ഉച്ചയ്ക്ക് രണ്ടു വരെ വിമാനത്താവളം അടച്ചിടുമെന്നാണ് സിയാല്‍ അറിയിച്ചിട്ടുള്ളത്. റണ്‍വേയ്ക്ക് പുറമെ, ടാക്സിവേ, ഏപ്രണ്‍ എന്നിവയിലും വെള്ളം കയറിയതിനെ തുടര്‍ന്നാണ് കൂടുതല്‍ ദിവസം അടച്ചിടാന്‍ തീരുമാനിച്ചിട്ടുള്ളത്.