കോട്ടയം: താന്‍ കെവിന്റെ ഭാര്യയായിത്തന്നെ ജീവിക്കുമെന്ന് നീനു. ഇവിടെ നിന്ന് തന്നെ ആരും കൊണ്ടുപോകരുതെന്നും നീനു പറഞ്ഞു. കെവിനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് കേസില്‍ ഇപ്പോള്‍ പിടിയിലായ നിയാസും മറ്റു ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. വിവാഹത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ വെട്ടിക്കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി നീനു പറഞ്ഞു. തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് കൊലപാതകമെന്നും നീനു പറഞ്ഞു.

കെവിന്റെ കൊല ആസൂത്രിതമാണെന്ന് പിതാവ് രാജനും പറഞ്ഞു. നീനുവിന്റെ ബന്ധുക്കള്‍ ദിവസങ്ങളോളം കോട്ടയത്തുണ്ടായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ ഇവരെ സഹായിച്ചതായി സംശയമുണ്ടെന്നും രാജന്‍ വ്യക്തമാക്കി. നീനുവിന്റെ സഹോദരന്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും അമ്മയ്ക്കു നീനുവിനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും രാജന്‍ പറഞ്ഞു. ഇയാള്‍ അന്ന് വന്ന അതേ ഇന്നോവയില്‍ തന്നെയാണ് കെവിനെ തട്ടിക്കൊണ്ടു പോയത്. ഇനിയുള്ള കാലം നീനുവിനെ സംരക്ഷിക്കാന്‍തന്നെയാണ് തീരുമാനമെന്നും രാജന്‍ അറിയിച്ചു.

കെവിന്റെ മരണത്തിനു കാരണമായ പോലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ നടക്കുകയാണ്. യുഡ്എഫ്, ബിജെപി, സിഎസ്ഡിഎസ്, കെപിഎംഎസ് പുന്നല വിഭാഗം തുടങ്ങിയവരാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.