യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള മൊത്തം ഇമിഗ്രേഷനില്‍ വന്‍ ഇടിവ്. അഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഇന്നലെ പുറത്തുവന്ന ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പറയുന്നു. എങ്കിലും വര്‍ഷം തോറും 100,000 പേര്‍ യുകെയില്‍ എത്തുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെ വിടുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ കണക്കുകള്‍ അനുസരിച്ച് 139,000 പേരാണ് യുകെയില്‍ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചു പോയത്. ഇത് രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ നിരക്കാണ്.

2017ല്‍ 240,000 പേര്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടനിലേക്ക് എത്തി. ഇതിലൂടെ രേഖപ്പെടുത്തിയ മൊത്തം ഇന്‍ഫ്‌ളോ 101,000 ആണ്. ലോകമൊട്ടാകെ നിന്നുള്ള മൊത്തം ഇമിഗ്രേഷന്‍ കഴിഞ്ഞ വര്‍ഷം 282,000 ആയി ഉയര്‍ന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. യുകെയിലേക്ക് എത്തുന്നവരുടെ എണ്ണം 630,000 ആയി ഉയര്‍ന്നിട്ടുണ്ടെങ്കിലും എമിഗ്രേഷനില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. തെരേസ മേയ് ലക്ഷ്യമിട്ടിരുന്നതിലും മൂന്ന് മടങ്ങായി മൊത്തം ഇമിഗ്രേഷന്‍ ഉയര്‍ന്നിട്ടുണ്ട്.

12 മാസങ്ങളില്‍ സ്‌റ്റോക്ക് ടൗണിന്റെ ജനസംഖ്യക്ക് തുല്യം കുടിയേറ്റക്കാരാണ് ഇവിടേക്ക് എത്തിയത്. ബ്രിട്ടനില്‍ നിന്ന് കുടിയേറ്റക്കാര്‍ തിരികെ പോകുന്ന ബ്രെക്‌സോഡസ് എന്ന പ്രവണത 2016ലെ ഹിതപരിശോധനയ്ക്ക് ശേഷം സജീവമായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വലിയൊപു ഭൂരിപക്ഷവും സ്വന്തം നാടുകളിലേക്ക് മടങ്ങുമെന്നായിരുന്നു വിലയിരുത്തലെങ്കിലും അപ്രകാരം പോകുന്നവര്‍ക്ക് പകരം അതേ അളവില്‍ ഇമിഗ്രേഷന്‍ തുടരുകയും ചെയ്തിരുന്നു.