ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി കാലഘട്ടമാണ് വരാന്‍ പോകുന്നതെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യങ്ങള്‍ക്ക് സമാനമായി കുടിയേറ്റക്കാരുടെ ഒഴുക്ക് തുടര്‍ന്നാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 60 മില്യണിലധികമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അവസാനം ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം 56.4 മില്യണാണ് ഇംഗ്ലണ്ടിലെ ജനസംഖ്യ ഇത് 2029ല്‍ 60 മില്യണ്‍ കടക്കും. സൗത്ത് ഈസ്റ്റ്, ലണ്ടനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രദേശങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്നത്. പോപുലേഷന്‍ ഡെന്‍സിറ്റി വര്‍ധിക്കുന്നത് പലവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും.

2018 സെപ്റ്റംബര്‍ വരെയുള്ള പന്ത്രണ്ട് മാസങ്ങളില്‍ മാത്രം ഉണ്ടായ കുടിയേറ്റം 283,000 ആണ്. ഇത് സര്‍വ്വകാല റെക്കോര്‍ഡിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി അനലിസ്റ്റുകള്‍ പറയുന്നു. 2029ല്‍ ലണ്ടനിലെ മാത്രം ജനസംഖ്യ 10 മില്യണലധികം ആവുമെന്നാണ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന. കുടിയേറ്റം ശരാശരിയില്‍ നിന്നും താഴേക്ക് പോയാല്‍ മാത്രമെ ജനസംഖ്യാ വര്‍ദ്ധനവിന്റെ കാര്യത്തില്‍ എന്തെങ്കിലും കുറവ് സംഭവിക്കുകയുള്ളു. ജനന-മരണ നിരക്കുകളും ആയൂര്‍ദൈര്‍ഘ്യവുമാണ് ജനസംഖ്യാ വര്‍ദ്ധനവുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ട മറ്റുകാര്യങ്ങള്‍.

കുടിയേറ്റം സമാന രീതിയില്‍ തുടര്‍ന്നാല്‍ 13 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ ഫ്രാന്‍സിനെ പിന്നിലാക്കി യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായി മാറുമെന്നാണ് അനലിസ്റ്റുകള്‍ മുമ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ജനസംഖ്യാ സാന്ദ്രതയുടെ കാര്യത്തില്‍ ബ്രിട്ടന്‍ ഒന്നാം സ്ഥാനത്തായിരുന്നു. യൂറോപ്പ് ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ജര്‍മ്മനിയെയും ബ്രിട്ടന്‍ 2050ഓടെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലാവും ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടാവുക. ജനസാന്ദ്രത കൂടുന്നതിന് അനുശ്രുതമായി വലിയ പ്രതിസന്ധികളിലേക്ക് കാര്യങ്ങള്‍ നീങ്ങും.