അഞ്ചാം തവണയും ഇസ്രയേലിന്റെ പ്രധാനമന്ത്രിയായി ലിക്കുഡ് പാർട്ടി നേതാവ് ബെഞ്ചമിൻ നെതന്യാഹു തിരഞ്ഞെടുക്കപ്പെട്ടു. ഈ വിജയത്തോടു കൂടി ഏറ്റവും കൂടുതൽ കാലം ഇസ്രയേലിനെ ഭരിച്ച പ്രധാനമന്ത്രിയെന്ന ബഹുമതിയും നെതന്യാഹുവിനു സ്വന്തമാകും. അഴിമതി ആരോപണങ്ങൾ ഇപ്പോഴും ശക്തമായി നിൽക്കുന്ന ഘട്ടത്തിലെ ഈ വിജയം നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിൽ വളരെ സുപ്രധാനമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.

മുഴുവൻ വോട്ടുകളും എണ്ണിക്കഴിയുമ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും പ്രധാന പ്രതിപക്ഷ പാർട്ടിയായ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും 35 വീതം സീറ്റുകളായിരുന്നു നേടിയിരുന്നത്. മറ്റ് വലതുപക്ഷ പാർട്ടികളുമായി കൂടി സഖ്യമുണ്ടാക്കി നെതന്യാഹു വീണ്ടും ഭരണം പിടിക്കുകയായിരുന്നു.

ജനങ്ങളുടെ വിധി അംഗീകരിക്കുന്നു എന്നു ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗ്രാന്‍റ്സ് പറഞ്ഞു. നെതന്യാഹു ഭരണത്തിനെതിരെയുള്ള ശരിയായ ബദല്‍ ആണ് തങ്ങളെന്നും ഗ്രാന്‍റ്സ് കൂട്ടിച്ചേര്‍ത്തു.

വലതുപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കി 120 സീറ്റുകളുള്ള പാർലമെന്റിൽ 65 സീറ്റുകൾ പിടിച്ചെടുത്തതാണ് നെതന്യാഹു തന്റെ കസേര ഉറപ്പിച്ചത്. തങ്ങൾ ഉണ്ടാക്കുന്നത് ഒരു വലതുപക്ഷ സർക്കാർ ആണെങ്കിലും താൻ രാജ്യത്തെ എല്ലാവരുടെയും പ്രധാനമന്ത്രി ആണെന്നായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം.

13 വർഷമായി നെതന്യാഹുവാണ് ഇസ്രായേൽ ഭരിച്ചുവരുന്നത്. തന്റെ പല വിവിധ പ്രസ്താവനകളും കൊണ്ട് വലതുപക്ഷത്തിന്റെ കണ്ണിലുണ്ണിയായ നെതന്യാഹു ഇസ്രയേലിന്റെ അനിഷേധ്യനായ നേതാവാണ്. തന്റെ ഭരണകാലത്തുടനീളം അമേരിക്കയുമായും ട്രംപുമായും നല്ല ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം ട്രംപിന്റെ പല പിന്തിരിപ്പൻ നയങ്ങളും പിന്തുണച്ചത് വിവാദമായിരുന്നു. ഇക്കഴിഞ്ഞ ദിവസം ട്രംപ് ഇറാൻ സൈന്യത്തെ തീവ്രവാദ ഗ്രൂപ്പ് എന്ന് വിളിച്ചപ്പോൾ നെതന്യാഹു അതിന്റെ പിന്തുണച്ചിരുന്നു.

ഒരിക്കൽ കൂടി താൻ ഇസ്രായേൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ വെസ്റ്റ് ബാങ്കിലെ ജൂത അധിവാസകേന്ദ്രങ്ങള്‍ അധീനപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പലസ്തീൻ തങ്ങൾ ഭാവിയിൽ കെട്ടിപ്പെടുക്കാനിരിക്കുന്ന രാജ്യത്തിന്റെ ഹൃദയമായി കണക്കാക്കുന്ന വെസ്റ്റ് ബാങ്ക് പിടിച്ചടക്കുമെന്ന നെതന്യാഹുവിന്റെ പരസ്യ പ്രഖ്യാപനത്തിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും തീവ്രമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.

അതേസമയം നെതന്യാഹു ഭരണത്തിന്റെ ഉറക്കം കെടുത്തുന്ന പ്രതിപക്ഷമായി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ബ്ലൂ ആന്‍ഡ് വൈറ്റ് നേതാവ് യാരി ലാപിഡ് പറഞ്ഞത് ഇസ്രായേലിന്റെ രാഷ്ട്രീയ കാലാവസ്ഥ സംഘര്‍ഷപൂരിതമായിരിക്കും എന്ന സൂചനയാണ് നല്‍കുന്നത്.