ലണ്ടന്‍: 2016 ഡിസമ്പർ മുതൽ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ആയിരുന്ന വൈ.കെ.സിന്‍ഹ ഈ വർഷാവസാനത്തോടെ സര്‍വീസില്‍ നിന്നും സ്ഥാനമൊഴിയുമ്പോൾ പകരമെത്തുന്നത് നിലവിലെ വിദേശകാര്യ സെക്രട്ടറി രുചി ഘനശ്യാം. കൃത്യമായ ഒരു ദിവസം ഇപ്പോൾ പുറത്തുവന്നിട്ടില്ലെങ്കിലും അടുത്തമാസം പകുതിയോടെ അവര്‍ ചുമതല ഏറ്റെടുക്കും എന്നാണ് വിദേശകാര്യ വകുപ്പ് അധികൃതർ നൽകുന്ന സൂചന. വിജയലക്ഷ്മി പണ്ഡിറ്റിനുശേഷം ബ്രിട്ടനില്‍ ഹൈക്കമ്മിഷണറായി എത്തുന്ന ആദ്യ വനിതയാണ് രുചി ഘനശ്യാം. 1954 മുതല്‍ 61 വരെ ഏഴുവര്‍ഷക്കാലമാണ് വിജയലക്ഷ്മി പണ്ഡിറ്റ് ബ്രിട്ടനില്‍ അംബാസഡറായിരുന്നത്. 1982 ബാച്ചിലെ ഐഎഫ്എസ് ഓഫിസറാണ് ഇന്ത്യയുടെ ഹൈക്കമ്മിഷണറായി യുകെയിലെത്തുന്ന രുചി.

ബ്രസല്‍സ്, ബല്‍ജിയം, കാഠ്മണ്ഡു, ഡമാസ്‌കസ്, ഇസ്ലാമാബാദ്, പ്രട്ടോറിയ, അക്ര എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ ഓഡിയോ വിഷ്വല്‍ പബ്ലിസിറ്റി വകുപ്പിന്റെ ചുമതലയും വഹിച്ചിരുന്നു. അംഗോള, നൈജീരിയ എന്നിവിടങ്ങളിലെ അംബാസിഡറായിരുന്ന ഭര്‍ത്താവ് അജാംപൂര്‍ രംഗയ്യ ഘനശ്യാമും ഐഎഫ്എസ് ഓഫിസറാണ്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള യുകെയുടെ പിന്മാറ്റസമയത്താണ് പുതിയ നിയമനം ഉണ്ടായിരിക്കുന്നത്.