മരണം സാക്ഷ്യപ്പെടുത്താനുള്ള നിരക്ക് 6000 പൗണ്ടായി ഉയര്‍ത്തുന്നു; ‘ഡെത്ത് ടാക്‌സ്’ അടുത്ത ഏപ്രിലില്‍ നിലവില്‍ വരും

മരണം സാക്ഷ്യപ്പെടുത്താനുള്ള നിരക്ക് 6000 പൗണ്ടായി ഉയര്‍ത്തുന്നു; ‘ഡെത്ത് ടാക്‌സ്’ അടുത്ത ഏപ്രിലില്‍ നിലവില്‍ വരും
November 07 05:19 2018 Print This Article

മരണപ്പെടുന്നയാളുടെ പേരിലുള്ള സ്വത്തുക്കളില്‍ ബന്ധുക്കള്‍ക്ക് അവകാശം ലഭിക്കാന്‍ ആവശ്യമായ പ്രൊബേറ്റിനായുള്ള നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. മരണം സാക്ഷ്യപ്പെടുത്താനുള്ള നിരക്ക് അടുത്ത ഏപ്രില്‍ മുതല്‍ 6000 പൗണ്ടായിരിക്കും. നിലവില്‍ 215 പൗണ്ട് മാത്രമാണ് നിരക്ക്. 280,000 കുടുംബങ്ങള്‍ക്ക് 215 പൗണ്ടിനു മുകളിലുള്ള തുക നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. 56,000 കുടുംബങ്ങള്‍ക്ക് 2500 പൗണ്ടിനും 6000 പൗണ്ടിനും ഇടയിലുള്ള തുക നല്‍കേണ്ടി വന്നേക്കും. ഡെത്ത് ടാക്‌സ് എന്ന പേരിലാണ് വിമര്‍ശകര്‍ ഈ അദൃശ്യ നികുതിയെ വിശേഷിപ്പിക്കുന്നത്. വര്‍ദ്ധിപ്പിക്കുന്ന നിരക്കുകളില്‍ നിന്ന് മിനിസ്ട്രി ഓഫ് ജസ്റ്റിസ് 2022-23 വര്‍ഷത്തോടെ 185 മില്യന്‍ പൗണ്ട് സമാഹരിക്കുമെന്നാണ് കണക്കാക്കുന്നത്.

ബജറ്റ് പ്രഖ്യാപിച്ചതിനു പിന്നാലെ മറ്റൊരു അധിക നികുതി കൂടി ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍ എന്ന് ചാരിറ്റികളും ലീഗല്‍ ഗ്രൂപ്പുകളും ക്യാംപെയിനര്‍മാരും ആരോപിക്കുന്നു. കുടുംബാംഗങ്ങളുടെ മരണത്തില്‍ ദുഖിതരായ ബന്ധുക്ക ള്‍ക്ക് മറ്റൊരു ആഘാതം കൂടി നല്‍കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് സര്‍ വിന്‍സ് കേബിള്‍ കുറ്റപ്പെടുത്തി. റോഡിലെ കുഴി മുതല്‍ ടോയ്‌ലെറ്റുകള്‍ വരെ നന്നാക്കാന്‍ കഴിഞ്ഞയാഴ്ച ചാന്‍സലറുടെ കയ്യില്‍ ആവശ്യത്തിലേറെ പണമുണ്ടായിരുന്നു. എന്നാല്‍ ഈയാഴ്ച മരിച്ചവരുടെ പേരില്‍ ബന്ധുക്കളില്‍ നിന്ന് നികുതിയീടാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഗവണ്‍മെന്റെന്ന് മുന്‍ പെന്‍ഷന്‍സ് മിനിസ്റ്ററും റോയല്‍ ലണ്ടന്‍ എന്ന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ പോളിസി ചീഫുമായ സ്റ്റീവ് വെബ്ബ് പറഞ്ഞു.

മരണപ്പെട്ടവരുടെ സ്വത്തുക്കളില്‍ അവകാശികള്‍ക്ക് നിയന്ത്രണം ലഭിക്കണമെങ്കില്‍ പ്രൊബേറ്റ് ലഭിക്കേണ്ടതുണ്ട്. നിലവില്‍ 215 പൗണ്ടാണ് ഇതിനായുള്ള നിശ്ചിത ഫീസ്. സോളിസിറ്ററെ ഉപയോഗിക്കുന്നവര്‍ക്ക് 155 പൗണ്ടാണ് ഫീസ്. സ്വത്തിന്റെ വലിപ്പം അനുസരിച്ച് ഈ ഫീസില്‍ വര്‍ദ്ധനവ് വരുത്താനാണ് പുതിയ നീക്കം. 250 പൗണ്ട് മുതല്‍ 6000 പൗണ്ട് വരെ ഈ ഫീസ് ഉയര്‍ന്നേക്കാം. 50,000 പൗണ്ട് വരെ മാത്രമേ അവകാശപ്പെടാനുള്ളുവെങ്കില്‍ ഫീസ് ഒഴിവാക്കും. നിലവില്‍ ഇതിന്റെ പരിധി 5000 പൗണ്ടാണ്. സ്വത്തിന്റെ 0.5 ശതമാനത്തില്‍ കൂടുതലാകില്ല ഈ ഫീസെന്ന് മിനിസ്ട്രി ഓഫ് ജസ്റ്റിസ് വ്യക്തമാക്കി.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles