ലണ്ടൻ: കൊറോണ പ്രതിരോധ കവചം ഭേദിച്ചു ലോകമെങ്ങും പടരുകയാണ്. എല്ലാ രാജ്യങ്ങളും സർവ്വ ശക്തിയുമായി പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. മിക്ക രാജ്യങ്ങളും ലോക്ക് ഡൗൺ ചെയ്‌തിട്ടും മഹാമാരിയുടെ പകർച്ച ഇപ്പോഴും നടക്കുന്നു. നോക്കി നിൽക്കുമ്പോൾ രോഗം മിക്ക രാജ്യങ്ങളിലും പിടിമുറുക്കുകയാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‌ കൊറോണ സ്ഥിരീകരിച്ചതോടെ മന്ത്രിസഭയിലെ എത്ര പേർക്ക് പകർന്നിട്ടുണ്ടാകും എന്ന പരിശോധനയിലാണ് ഭരണനേതൃത്വം. പ്രധാനമന്ത്രി രോഗബാധിതനായതോടെ എല്ലാ ദിവസവും നടക്കുന്ന വാർത്താസമ്മേനത്തിന്റെ ചുമതല ക്യാബിനറ്റ് മന്ത്രി മൈക്കിൾ ഗോവിന് നൽകിയിരിക്കുകയാണ്. ഇന്നത്തെ വാർത്താസമ്മേനത്തിൽ അറിയിച്ചതുപോലെ മൂന്നോ നാലോ ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുകയാണ് എന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് രോഗ ലക്ഷണങ്ങൾ കാണിച്ചതോടെ ഐസൊലേഷനിൽ ആണ് ഇപ്പോൾ ഉള്ളത്.

യുകെയിലെ മരണസംഖ്യ ഇന്ന് 181 വർദ്ധിച്ച് ആകെ മരിച്ചവരുടെ എണ്ണം 759 ലേക്ക് എത്തിയിരിക്കുന്നു.

ബിർമിങ്ഹാമിലുള്ള നാഷണൽ എക്സിബിഷൻ സെന്റർ, മാഞ്ചെസ്റ്ററിലുള്ള സെൻട്രൽ കൺവെൻഷൻ സെന്റർ എന്നിവ കൊറോണ രോഗികൾക്കുള്ള ആശുപത്രിയായി മാറ്റാൻ ഉള്ള തീരുമാനം പുറത്തുവന്നു.

അടുത്ത ആഴ്ചയോടെ നാഷണൽ ഹെൽത്ത് സർവീസിൽ ഉള്ള എല്ലാവരെയും കൊറോണ ടെസ്റ്റിന് വിധേയമാക്കും. ഇതിൽ ക്രിട്ടിക്കൽ കെയർ നഴ്‌സ്, ഇറ്റൻസീവ് കെയർ സ്റ്റാഫ്, ജി പി മാർ, ആംബുലൻസ് വർക്കേഴ്‌സ് എന്നിവർ ഉൾപ്പെടുന്നു. ചീഫ് എക്സിക്യൂട്ടീവ് സൈമൺ സ്റ്റീവൻസ് ഇന്നത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അതെ സമയം ബിർമിങ്ഹാം എയർപോർട്ട് ഹ്രസ്വകാല മോർച്ചറി ആക്കാനുള്ള തീരുമാനവും ഉള്ളതായി ഈവെനിംഗ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 12,000 ബോഡികൾക്കുള്ള സൗകര്യം ആണ് ചെയ്യുന്നത്.

യൂറോപ്പ്യൻ യൂണിയനിൽ നിന്നും വിട്ട യുകെ, മറ്റ് രാജ്യങ്ങളിൽ നിന്നും യുകെയിലുള്ള വർക്കേഴ്‌സിനു സ്ഥിരതാമസമാക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചിരുന്നു. ഇങ്ങനെ തപാലിൽ അയച്ച അപേക്ഷകൾ തിരിച്ചയക്കുന്നതോടൊപ്പം കൂടുതൽ അപേക്ഷകൾ സ്വീകരിക്കുന്നതും നിർത്തിവെച്ചിരിക്കുകയാണ്. 3.3 മില്യൺ ആളുകളാണ് വിസയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്. കൊറോണ വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് ഇത്. ഇത് കൂടുതൽ കാലതാമസം ഉണ്ടാക്കും എന്ന് ഉറപ്പായി. നാട്ടിൽ നിന്നും പുതുതായി എത്തിച്ചേരേണ്ട നേഴ്‌സുമാരുടെ വിസയുടെ കാര്യത്തിലും കാലതാമസം ഉണ്ടാകാനുള്ള സാഹചര്യവും ഉടലെടുത്തിട്ടുണ്ട്.

നേരെത്തെ അറിയിച്ചതിൽ നിന്നും വ്യത്യസ്തമായി കാൻസർ രോഗികൾക്കുള്ള ഓപ്പറേഷനുകൾ കൂടി മാറ്റുന്നു എന്ന വാർത്ത ബിബിസി റിപ്പോർട് ചെയ്‌തു. മൂന്ന് മാസത്തോളം കാലതാമസം ആണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

ഇറ്റലിയിൽ 919 പേരാണ് ഇന്ന് മാത്രം മരിച്ചത്. ഇതുവരെയുള്ള ഏറ്റവും വലിയ വർദ്ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.