റേഡിയോ തെറാപ്പി വഴി ക്യാൻസർ കോശങ്ങളെ തേടിപിടിച്ചു അവയെ ഉന്മൂലനം ചെയ്യുവാൻ സാധിക്കും എന്ന് പ്രോസ്റ്റേറ്റ് ക്യാൻസർ രോഗ ബാധിതർക്ക് ആശ്വാസമായി പുതിയ കണ്ടെത്തൽ. ലോകം ഒന്നിച്ച് കാൻസർ എന്ന മഹാവ്യാധിയോട് മല്ലിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കണ്ടുപിടുത്തങ്ങൾ ആരോഗ്യ മേഖലയിൽ പുത്തൻ ഉണർവ്വ് സൃഷ്ടിക്കുന്നു. ബ്രിട്ടനിൽ പതിനായിരത്തിലധികം പുരുഷന്മാർ പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിതരാണെന്ന് കണക്കുകൾ തെളിയിക്കുന്നു. റേഡിയോതെറാപ്പി ഉപയോഗിച്ച പരീക്ഷണങ്ങളിൽ 10ൽ 8 അർബുദ ബാധിതരുടെ കാൻസർ കോശങ്ങൾ ചുരുങ്ങുന്നതായി കണ്ടെത്തി. ഈ പുത്തൻ സാങ്കേതിക രീതി, പ്രോസ്റ്റേറ്റ് സ്പെസിഫിക് മെമ്പറെയിൻ ആന്റിജൻ റേഡിയോതെറാപ്പി എന്നാണ് അറിയപ്പെടുന്നത്. ഈ ചികിത്സാരീതി എൻ എച്ച് എസിൽ ഉൾപ്പെടുത്താൻ ആവുമെന്ന് അമേരിക്കൻ സൊസൈറ്റി ഫോർ ക്ലിനിക്കൽ ഓങ്കോളജിയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.


ഓസ്ട്രേലിയൻ കാൻസർ വിദഗ്ധൻ ഡോക്ടർ അരുൺ ആസാദ് 200 പുരുഷന്മാരിൽ ഈ ചികിത്സാ രീതി പരീക്ഷിച്ചു വരുന്നു. “അനുകൂലമായ ഒരു ഫലം ആണെങ്കിൽ ഇത് പല അത്ഭുതങ്ങൾക്കും കാരണമാകും” അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ചികിത്സാ രീതി വഴി രോഗികളുടെ ആയുസ്സ് പത്തു വർഷം കൂടെ നീട്ടാൻ സാധിക്കും എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ബ്രിട്ടനിലെ ഹാൻസ് ഷായപ് ആണ് റേഡിയോ തെറാപ്പിക്ക് ആദ്യമായി വിധേയനായത്. 2012ലാണ് അദ്ദേഹത്തിൽ ക്യാൻസർ കണ്ടെത്തിയത്.പല ഹോർമോൺ തെറാപ്പികളും കീമോതെറാപ്പികളും നടത്തി. ഈ റേഡിയോതെറാപ്പിക്ക് ഒരു വിധത്തിലുള്ള ദൂഷ്യവശങ്ങളും ഇല്ല എന്ന് 77 വയസ്സുക്കാരൻ ഹാൻസ് പറയുന്നു. “നാലു മണിക്കൂർ പോലും വേണ്ടിവന്നില്ല. ശരീരം മുഴുവനും അല്ല,ട്യൂമറിൽ മാത്രമാണ് റേഡിയോതെറാപ്പി നടക്കുക. അഞ്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ എനിക്ക് നല്ല മാറ്റം വന്നിരിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.


ബ്രിട്ടനിൽ ഒരു വർഷം 11,500 പ്രോസ്റ്റേറ്റ് ക്യാൻസർ മരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ കണ്ടുപിടുത്തം ഉറപ്പായും മരണസംഖ്യ കുറയ്ക്കുമെന്ന് ഡോക്ടർമാർ പൂർണമായും വിശ്വസിക്കുന്നു. ആരോഗ്യകരമായ കോശങ്ങളെ ബാധിക്കാതെ ട്യൂമറുകൾ മാത്രം കേന്ദ്രീകരിച്ചു അവയെ നശിപ്പിക്കുന്ന രീതിയാണിത്. ഈ മേഖലയിൽ ലോകത്താകമാനം പല പരീക്ഷണങ്ങളുമാണ് നടന്നുവരുന്നത്. ഓസ്ട്രേലിയൻ ഗവേഷകന്റെ പഠനത്തിൽ, കാൻസർ രോഗികളിൽ ഈ തെറാപ്പി 9 മുതൽ 13 മാസം വരെ ആയുസ്സ് വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി. യുകെയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സ ഇപ്പോൾ അമേരിക്കയിലും ജർമ്മനിയിലും ലഭ്യമാണ്. രണ്ടു വർഷത്തിനുള്ളിൽ എല്ലാ രാജ്യങ്ങളിലും മരുന്നുകൾ ലഭ്യമാക്കാൻ സാധിക്കും എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ ലണ്ടനിലെ പ്രൊഫസർ ജോഹാൻ ഡി ബോണോ അഭിപ്രായപ്പെട്ടു. വർഷത്തിൽ അയ്യായിരത്തിലധികം പുരുഷന്മാർ പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിതരാകുന്നു. 2014ൽ 11287 പേരാണ് ക്യാൻസർ മൂലം യുകെയിൽ മരണപ്പെട്ടത്. പുതിയ കണ്ടുപിടിത്തങ്ങൾ പലരീതിയിലും ആരോഗ്യമേഖലയ്ക്ക് സഹായകരമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.