സ്റ്റോക്ക് ഓൺ ട്രെൻറ്റിൽ റോയൽ സ്റ്റോക്ക് എന്ന പേരിൽ അൻപതോളം കുടുംബങ്ങൾ ഒത്തു ചേർന്ന് പുതിയ ഒരു മലയാളി ക്ലബ് രൂപീകരിച്ചു. മാതൃ സംഘടനയായ എസ് എം എ യുടെ നിലവിലെ ഏകാധിപത്യപരമായ സംവിധാനങ്ങളോടുള്ള വിയോജിപ്പിൻറ്റെ ആകെ തുകയാണ് പുതിയ സംഘടനയുടെ ആവിർഭാവം. എസ്എംഎയിലും യുക്മയിലും ഉള്ള തന്‍റെ അധികാരം നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സംഘടനയ്ക്കകത്ത് ജനാധിപത്യ രീതി ഇല്ലാതാക്കിയ യുക്മ നേതാവിനോടുള്ള പ്രതിഷേധം കൂടിയാണ് പുതിയ സംഘടനയുടെ ആവിര്‍ഭാവത്തിന് പിന്നില്‍. നിലവിൽ എസ് എം എ യുടെ അംഗങ്ങളായ ഭൂരിഭാഗം പേരും മാതൃ സംഘടന വിട്ടു പുതിയ കൂട്ടായ്മമയിലേക്കു ചേക്കേറുമ്പോൾ എസ് എം എ നാമ മാത്രമായ അംഗങ്ങൾ ഉള്ള സംഘടനയായി ഒതുങ്ങുമെന്ന് പുതിയ സംഘടന രൂപീകരിച്ചവര്‍ അവകാശപ്പെട്ടു. സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് മലയാളി അസോസിയേഷന്‍റെ സ്ഥാപക നേതാക്കളും മുന്‍ ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ പുതിയ സംഘടനയുടെ ഭാഗമായി മാറി.

ഈ വര്‍ഷത്തെ സംഘടനാ തെരഞ്ഞെടുപ്പ് മുതലാണ് എസ്എംഎയില്‍ പ്രശ്നങ്ങള്‍ രൂക്ഷമായത്. യുക്മയിലും ഈ വര്‍ഷം തെരഞ്ഞെടുപ്പ് ഉള്ളതിനാല്‍ എസ്എംഎയെ തന്‍റെ വരുതിയില്‍ തന്നെ നിര്‍ത്തിയാല്‍ മാത്രമേ യുക്മയിലെ അധികാരക്കസേരായിലേക്ക് മറ്റൊരു ഊഴം കൂടി ലഭ്യമാകൂ എന്ന് മനസ്സിലാക്കിയ ഈ നേതാവ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താതെ തന്‍റെ ഇഷ്ടക്കാരെ തിരുകിക്കയറ്റി പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഭൂരിഭാഗം അംഗങ്ങളും അംഗീകരിക്കാതെ വന്നതിനെ തുടര്‍ന്ന് വീണ്ടും കമ്മറ്റി കൂടി എല്ലാവരെയും ഉള്‍പ്പെടുത്തി ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ ഈ നീക്കം വീണ്ടും അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പുതിയ സംഘടനയുടെ പിറവി.

റോയല്‍ സ്റ്റോക്ക് ക്ലബ്ബിന്റെ ഔദ്യോഗിക ഉത്‌ഘാടനം ഓഗസ്റ്റ് ഒൻപതിന് ന്യൂ കാസിൽ അണ്ടർ ലയിമിലെ റാംസെ ഹാളിൽ വൈകുന്നേരം ആറുമണിയോടുകൂടി നടക്കുന്നതായിരിക്കും .ക്ലബ്ബിന്റെ ഓണാഘോഷപരിപാടി സെപ്റ്റംബർ ഇരുപത്തിമൂന്നിനു നടത്തുവാനും തീരുമാനിക്കുകയുണ്ടായി.സ്വിൻഡൻ സ്റ്റാർസിൻറ്റെ ഗാനമേളയും ,തിരുവാതിര കളി,കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസുകൾ,ക്ലബ് മെമ്പേഴ്സിന്റെ നേതൃത്വത്തിൽ സ്വന്തം വീടുകളിൽ പാകപ്പെടുത്തുന്ന രുചിയൂറുന്ന ഓണസദ്യ എന്നിങ്ങനെ വൈവിധ്യങ്ങളായ പരിപാടികൾ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുന്നതായിരിക്കും.ഓണാഘോഷ പരിപാടി വരെയുള്ള ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഫെനിഷ് വിൽ‌സൺ ,ജോമോൻ പള്ളി ,ജിലേഷ് തോമസ് ,ജോയ് ജോസഫ് ,സാജൻ മാടമന എന്നിവരുടെ നേതൃത്വത്തിലുള്ള തത്ക്കാലിക കമ്മറ്റിക്കായിരിക്കും.

എല്ലാ അംഗങ്ങൾക്കും തുല്യ പരിഗണന നൽകി, അംഗങ്ങളുടെ കലാ സാഹിത്യ അഭിരുചികളെയും മാനസീക ഉല്ലാസങ്ങളെയും മുൻ നിർത്തി ആയിരിക്കും പുതിയ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ . ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാ മൂന്നുമാസം കൂടുമ്പോഴും ഫാമിലി ഗെറ്റ്ടുഗെതെർ നടത്തുമെന്നും കുട്ടികൾക്കും സ്ത്രികൾക്കും വേണ്ടി എല്ലാമാസവും ഔട്ടിങ്ങുകൾ നടത്തുമെന്നും, ചാരിറ്റി പ്രവർത്തനങ്ങളിൽ കൂടുതൽ മുൻതൂക്കം നൽകുമെന്നും കമ്മറ്റി അറിയിച്ചു .