ബിനോയി ജോസഫ്

മനസു നിറയെ സ്വപ്നങ്ങളുമായി യുകെയിലേയ്ക്ക് മലയാളികളുടെ കുടിയേറ്റം തുടങ്ങിയിട്ട് ഇരുപതോളം വർഷങ്ങൾ കഴിഞ്ഞു. ആദ്യമൊരു വർക്ക് പെർമിറ്റ് നേടിയെടുക്കാനുള്ള പരിശ്രമമായിരുന്നെങ്കിൽ പിന്നീട് പെർമനന്റ് റസിഡൻസി കൈപ്പിടിയിലൊതുക്കാനുള്ള  കഠിന ശ്രമങ്ങളായിരുന്നു. വർഷങ്ങൾ കഴിയുമ്പോൾ കുടിയേറിയവരിൽ മിക്കവരും യുകെയിൽ കുടുംബ സഹിതം സ്ഥിര താമസമാക്കുകയും ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തു. കുടിയേറിയവരിൽ ഭൂരിപക്ഷവും നഴ്സിംഗ് രംഗത്ത് ജോലി തേടിയെത്തിയവരായിരുന്നു.

ഡിസിഷൻ ലെറ്ററും അഡാപ്റ്റേഷനും ഓർമ്മകളിലേക്ക് മറയുമ്പോൾ ഭൂരിപക്ഷം നഴ്സുമാരും തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചെങ്കിലും എൻഎംസി നിഷ്കർഷിച്ചിരിക്കുന്ന ഇംഗ്ലീഷ് യോഗ്യത നേടാനാവാത്തതിന്റെ പേരിൽ നിരവധി നഴ്സുമാരാണ് ഇപ്പോഴും യുകെയിൽ രജിസ്ട്രേഷൻ ലഭിക്കാതെ കഴിയുന്നത്. സ്റ്റുഡന്റ് വിസയിൽ എത്തിയവരും സീനിയർ കെയറർ വിസയിൽ എത്തിയവരും ഉണ്ട് ഇവരിൽ. 2007 ൽ എൻഎംസി നടപ്പാക്കിയ കർശനമായ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങളാണ് ഇവർക്ക് വിനയായത്. ഐഇഎൽടിഎസിനൊപ്പം ഒഇടിയും നടപ്പാക്കിയെങ്കിലും  യൂറോപ്യൻ യൂണിയനു പുറത്തുള്ളവർക്കായി നടപ്പാക്കിയിരിക്കുന്ന ഈ നിയന്ത്രണം ആയിരക്കണക്കിന് മലയാളികളുടെ യുകെയിലെ രജിസ്റ്റേർഡ് നഴ്സ് എന്ന പദവി നേടിയെടുക്കുന്നതിൽ വിഘാതം സൃഷ്ടിക്കുന്നു.

യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്ക് ഇംഗ്ലീഷ് യോഗ്യതയുടെ കാര്യത്തിൽ വൻ ഇളവുകൾ NMC നല്കുമ്പോൾ യുകെയിൽ നിലവിൽ വർഷങ്ങളോളം എക്സ്പീരിയൻസുള്ള ഇതര രാജ്യങ്ങളിൽ നിന്നുള്ളവർക്ക്  എതിരെയുള്ള ഈ വിവേചനം ആയിരക്കണക്കിന് പേരെയാണ് പ്രതികൂലമായി ബാധിച്ചത്. നിരവധി തവണ ഇംഗ്ലീഷ് ടെസ്റ്റ് എഴുതി സ്കോർ മെച്ചപ്പെടുത്താൻ പലർക്കും കഴിഞ്ഞെങ്കിലും 2016 ൽ കൊണ്ടുവന്ന ക്ലബ്ബിംഗ് സിസ്റ്റം പ്രതീക്ഷകൾ തകിടം മറിക്കുന്നതായിരുന്നു.

IELTS സ്കോറുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തണമെന്ന ആവശ്യവുമായി NMC യെ പലതവണ മുൻപ് സമീപിച്ചിരുന്നെങ്കിലും അനുകൂലമായ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. അയ്യായിരം മുതൽ പതിനായിരം പൗണ്ട് വരെ ഏജൻസികൾക്ക് കൊടുത്ത് യുകെയിൽ എത്തിയ നിരവധി പേർ പിൻ നമ്പർ ഇല്ലാതെ യുകെയിലെമ്പാടും ഉണ്ട്. ഇവിടെ എത്തിച്ചേർന്നതിനു ശേഷം വർക്ക് പെർമിറ്റിനായും സ്പോൺസർഷിപ്പ് നേടാനുമായി വീണ്ടും ആയിരക്കണക്കിന്‌ പൗണ്ട് വീണ്ടും ചെലവ് വന്നു.

NMC നടപ്പാക്കിയ ഇംഗ്ലീഷ് ലാംഗ്വേജ് നിയന്ത്രണങ്ങൾ വന്നതോടെ ഇവരിൽ ഭൂരിപക്ഷവും IELTS നായി ശ്രമം തുടങ്ങി. കുറേയധികം പേർ കടമ്പ കടന്നു. പക്ഷേ ആയിരക്കണക്കിന് പേർ പലതവണ ശ്രമിച്ചിട്ടും ആവശ്യമായ സ്കോർ നേടാനാവാതെ നിരാശരായി. അതിനിടയിൽ OET യും NMC യോഗ്യതയായി നിശ്ചയിച്ചു. എന്നാൽ ഇതു കൊണ്ടൊക്കെ ലാഭമുണ്ടാക്കിയത് IELTS, OET കോഴ്സു നടത്തുന്നവരാണ്. ടെസ്റ്റ് എഴുതുന്നവർ ഓരോ തവണ പരാജയപ്പെടുമ്പോഴും കോഴ്സു നടത്തിപ്പുകാരുടെ ബാങ്ക് ബാലൻസ് വർദ്ധിച്ചു കൊണ്ടിരുന്നു. മലയാളം പ്രാഥമിക ഭാഷയായി കുറഞ്ഞത് 20- 30 വർഷം സംസാരിച്ചവർക്ക് ഇംഗ്ലീഷ് ടെസ്റ്റ് അത്ര എളുപ്പം പാസാകാൻ സാധിക്കുകയില്ലെന്നത് സാധാരണ കാര്യം മാത്രമാണ്.

കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മികച്ച ശമ്പളം ലഭിച്ചിരുന്ന ജോലികൾ ഉപേക്ഷിച്ച് എത്തിയവരിൽ നിരവധി പേർ സീനിയർ കെയറർ പോലുള്ള ജോലികൾ ചെയ്ത് യുകെയിൽ തുടരുന്നുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയോടെ ഹെൽത്ത് കെയർ സെക്ടറുകളുടെ തലപ്പത്തുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് അനുകൂലമായ രീതിയിലുള്ള ഒരു നയമാറ്റം NMC യുടെ ഭാഗത്ത് നിന്ന് നടപ്പാക്കിയെടുക്കാൻ ഉള്ള ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത് കേംബ്രിഡ്ജ് സിറ്റി കൗൺസിലറായ ബൈജു വർക്കി തിട്ടാലയാണ്. ബ്രിട്ടീഷ് പാർലമെൻറിൽ ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ ലോബിയിംഗ് നടത്തിയതിന്റെ തുടർച്ചയായാണ് പുതിയ നീക്കം.

വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച്, സമാന സാഹചര്യങ്ങളിൽ പെട്ട് പിൻ നമ്പർ ലഭിക്കാതെ കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച്  NMC യ്ക്കു നല്കി വീണ്ടുമൊരു ശ്രമം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. കേംബ്രിഡ്ജിൽ നിന്നുള്ള ഡാനിയേൽ സെയ്നർ, ഹെയ്ഡി അലൻ അടക്കമുള്ള എം.പിമാർ ഇക്കാര്യത്തിൽ അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. NMC യ്ക്ക് കാര്യങ്ങൾ ബോധ്യപ്പെടുന്ന രീതിയിലുള്ള ഡോക്കുമെന്റുകളും കൃത്യമായ വിശദാംശങ്ങളും സഹിതം രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ പിന്തുണ തേടിക്കൊണ്ടുള്ള നീക്കം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സംരംഭത്തിൽ പങ്കാളികളാകാൻ താത്പര്യമുളള പിൻ നമ്പർ ലഭിക്കാത്തവർ  താഴെപ്പറയുന്ന ഈമെയിൽ അല്ലെങ്കിൽ ഫോൺ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

Baiju Thittala ( Cambridge City Councillor & Lawyer) [email protected]

Binoy Joseph  07915660914

Rinto James 07870828585

Jerish Phillip 07887359660