ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

ഒരു രക്ഷിതാവ് ഇത്തരം ഉപകരണങ്ങളുമായി സ്‌കൂളിനെ സമീപിച്ചതാണ് ഈ നടപടി വ്യാപകമാക്കാന്‍ സ്‌കൂളിനെ പ്രേരിപ്പിച്ചതെന്നാണ് വിശദീകരണം. മറ്റു രക്ഷിതാക്കളും സ്‌കൂളിന്റെ നടപടിയെ അംഗീകരിക്കുകയാണെന്നാണ് പ്രിന്‍സിപ്പല്‍ അവകാശപ്പെടുന്നത്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഈ ഉപകരണങ്ങള്‍ സ്‌കൂളില്‍ രക്ഷിതാക്കള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

പ്ലേസ്‌റ്റേഷനില്‍ കളിച്ചതിനാല്‍ ഉറങ്ങാന്‍ വൈകി, രാത്രി വൈകിയും ഇന്റര്‍നെറ്റിലായിരുന്നു എന്നിങ്ങനെയുള്ള ഒഴിവുകഴിവുകള്‍ പറയുന്ന കുട്ടികള്‍ ക്ലാസ് മുറികളില്‍ തീര്‍ച്ചയായും ക്ഷീണിതരാകുമെന്നും പ്രിന്‍സിപ്പല്‍ അവകാശപ്പെടുന്നു. ജിസിഎസ്ഇ ഫലങ്ങളില്‍ മികച്ച പ്രകടനവുമായി 2015ല്‍ ലീഗ് ടേബിളുകളില്‍ മുന്‍നിരയില്‍ എത്തിയ സ്‌കൂളാണ് കിംഗ് സോളമന്‍ അക്കാഡമി.