കേരളത്തിൽ ആരാണ് നിങ്ങളുടെ നേതാവ് എന്നു ചോദിച്ചാൽ തല്ക്കാലം മറുപടി പറയാൻ ബി ജെ പി ക്കാർ തയ്യാറല്ല. ഏറ്റവും ഒടുവിൽ കേരള ബി ജെ പി യുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന പി എസ് ശ്രീധരൻ പിള്ള വക്കീലിനെ മിസോറാം ഗവർണറായി നിയമിച്ചതിനു ശേഷം പുതിയ അധ്യക്ഷനെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നതു തന്നെ കാരണം. അധ്യക്ഷനെ നിയമിക്കാത്തതിൽ കടുത്ത അമർഷം ഉണ്ടെങ്കിലും തല്ക്കാലം അതൊന്നും വെളിയിൽ കാണിക്കാതെ കാത്തിരിക്കുകയാണ് പ്രവർത്തകരും നേതാക്കളും.

പറഞ്ഞു വരുമ്പോൾ അധ്യക്ഷൻ ഇല്ലെങ്കിലും ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ നിയമിതനായ എ പി അബ്ദുള്ളകുട്ടി അടക്കം ഒമ്പതു സംസ്ഥാന വൈസ് പ്രസിഡന്റുമാരും ആറ് സംസ്ഥാന ജനറൽ സെക്രട്ടറിമാരും സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ട്രെഷററുമൊക്കെ പാർട്ടിക്കുണ്ട്. പാർട്ടി ഭരണഘടന അനുസരിച്ചു പ്രസിഡണ്ട് ഇല്ലാതായാൽ കമ്മിറ്റി തന്നെ ഇല്ലാതാകും എന്നതാണ് വ്യവസ്ഥയെങ്കിലും സംസ്ഥാന കമ്മറ്റി ഇപ്പോഴും നിലവിലുണ്ടെന്നാണ് കമ്മിറ്റിയിലുള്ള നേതാക്കൾ അവകാശപ്പെടുന്നത്. തന്നെയുമല്ല പ്രസിഡന്റിന്റെ അഭാവത്തിൽ വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന മട്ടിൽ അടുത്തിടെ പാർട്ടിയിൽ ചേക്കേറിയ അബ്ദുള്ളക്കുട്ടി അടക്കം ചിലരൊക്കെ ആക്ടിങ് പ്രസിഡണ്ട് ചമയുന്നുമുണ്ട്. ഇതും പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിക്കു കാരണമായിട്ടുണ്ട്. ‘വിരല് വെക്കാൻ ഇടം കിട്ടിയാൽ ചിലർ അവിടെ ഉലക്ക വെക്കാൻ ശ്രമിക്കും ‘ എന്നാണ് പാർട്ടിയിൽ ഇപ്പോഴും സജീവമായി തുടരുന്ന ഒരു മുൻ ജില്ലാ പ്രസിഡണ്ട് ഇതിനെക്കുറിച്ചു പ്രതികരിച്ചത്.

സംസ്ഥാന അധ്യക്ഷനാക്കാൻ പോന്ന യോഗ്യത ഉള്ളവരാരും ബി ജെ പി യിൽ ഇല്ലാഞ്ഞിട്ടല്ല ശ്രീധരൻ പിള്ളയെ മാറ്റിയ ഒഴിവിലേക്ക് പുതിയ അധ്യക്ഷനെ നിയമിക്കുന്നതിലെ അമാന്തത്തിനു കാരണം. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടങ്ങി ഒരു വലിയ നേതൃനിര തന്നെയുണ്ട് കേരള ബി ജെ പി യിൽ. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ, എം ടി രമേശ് , എ എൻ രാധാകൃഷ്ണൻ എന്നിങ്ങനെ ഒരു നിര അധ്യക്ഷ പദവി കാത്തു രംഗത്തുണ്ടുതാനും. ഇനിയിപ്പോൾ പാർട്ടിക്ക് ഒരു വനിതാ അധ്യക്ഷയെ ആണ് വേണ്ടതെങ്കിൽ മറ്റൊരു സംസ്ഥാന ജനറൽ സെക്രട്ടറി ആയ ശോഭ സുരേന്ദ്രൻ എപ്പോഴേ റെഡി. എന്നാൽ നേതാക്കളുടെ അഭാവമല്ല കേരളത്തിൽ പാർട്ടിയിലെ പ്രബലമായ രണ്ടു ചേരികൾ തമ്മിലുള്ള തർക്കവും ഈ തർക്കത്തിൽ ആർക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ ആർ എസ് എസ്സിനുള്ള സന്ദേഹവുമാണ് പ്രസിഡണ്ട് നിയമനം വൈകിപ്പിക്കുന്നതെന്നാണ് അണിയറ വർത്തമാനം.

മുൻ സംസ്ഥാന പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ വി മുരളീധരൻ നയിക്കുന്ന ഗ്രൂപ്പും മറ്റൊരു മുൻ സംസ്ഥാന പ്രസിഡണ്ട് പി കെ കൃഷ്ണദാസ് നയിക്കുന്ന എതിർ ചേരിയും തമ്മിലാണ് പ്രധാന തർക്കം. മുരളീധരൻ പക്ഷം സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായ കെ സുരേന്ദ്രനുവേണ്ടി വാദിക്കുമ്പോൾ മറുപക്ഷം മറ്റൊരു ജനറൽ സെക്രട്ടറിയായ എം ടി രമേശിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്നു. ഫലത്തിൽ ജാതി തർക്കവും ഈ ചേരിതിരിവിന് പിന്നിലുണ്ടെന്നാണ് വസ്തുത. ഇത് തന്നെയാണത്രെ ആർ എസ് എസ് നേതൃത്വത്തെയും കുഴക്കുന്നത്.

ഗ്രൂപ്പില്ലാത്ത നേതാവ് എന്ന പരിഗണന വെച്ചാണ് നേരത്തെ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനാക്കിയത്. എന്നാൽ അദ്ദേഹത്തിന്റെ കാലത്തു ഗ്രൂപ്പ് പോര് കൂടുതൽ രൂക്ഷമായതും മെഡിക്കൽ കോളേജ് കോഴ പോലുള്ള വിഷയങ്ങൾ പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേപ്പിച്ചതും ആയിരുന്നു പൊടുന്നനെ കുമ്മനത്തെ മാറ്റി ശ്രീധരൻ പിള്ളയെ നിയമിക്കാൻ ഇടയാക്കിയത്. കുമ്മനത്തെ പോലെ തന്നെ ഗ്രൂപ്പിന് അതീതൻ എന്ന പ്രതിച്ഛായ പിള്ളക്കും ഉണ്ടായിരുന്നുവെങ്കിലും ലോക് സഭ തിരഞ്ഞെടുപ്പിലും സംസ്ഥാന നിയമസഭയിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പുകളിലും ഉണ്ടായ കനത്ത തിരിച്ചടി അദ്ദേഹത്തിനും വിനയായി.

കേരളത്തിൽ ബി ജെ പി കരുത്താർജ്ജിക്കുന്നുവെന്നു ബദ്ധ ശത്രുവായ സി പി എം പോലും സമ്മതിക്കുമ്പോഴും തിരഞ്ഞെടുപ്പുകളിൽ അതിന്റെ നേട്ടം കാണിക്കാൻ കഴിയാത്ത അവസ്ഥക്ക് പരിഹാരം കാണാൻ കഴിയുന്ന ഒരാളായിരിക്കണം പുതിയ അധ്യക്ഷൻ എന്നതാണ് അമിത് ഷായുടെ മനസ്സിലിരിപ്പ്. അതിനു പറ്റുന്ന ഒരാളെ കണ്ടെത്താനുള്ള ശ്രമം പക്ഷെ എങ്ങുമെത്താതെ ഇപ്പോഴും തുടരുക തന്നെയാണ്. കേരളത്തിൽ അതികം വൈകാതെ തന്നെ തദ്ദേശ തിരഞ്ഞെടുപ്പുകളും അതിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുമെന്നതിനാൽ ഈ നാഥനില്ലാക്കളി ഇനിയും തുടരുന്നത് ശരിയല്ലെന്ന അഭിപ്രായം സംസ്ഥാനത്തെ നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കും ഇടയിൽ ശക്തമാണ്.

കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിനൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന തുരുത്തായ കേരളത്തിൽ കാവിക്കൊടി പാരിക്കണം എന്ന ലക്ഷ്യവും അമിത് ഷായ്ക്കുണ്ട്. അതുകൊണ്ടു തന്നെ പുതിയ അധ്യക്ഷൻ കേരളത്തിലെ പാർട്ടിയെ ഘട്ടം ഘട്ടമായി ഭരണത്തിൽ എത്തിക്കാൻ പോന്ന ആളാവണമെന്ന നിർബന്ധം നല്ലതാണെങ്കിലും അധ്യക്ഷ നിയമനം വൈകുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്ന വാദവും ഉയരുന്നുണ്ട്. കേരളത്തിലെ തർക്കം തീർത്തു അനുയോജ്യനായ അധ്യക്ഷനെ കണ്ടെത്താൻ ആർ എസ് എസ് നീക്കം നടത്തുന്നു എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആ വഴിക്കു ഒരു ശ്രമവും നടക്കാതിരിക്കുന്നതും അമിത് ഷാ നേരിട്ട് ഇടപെടാത്തതും തികഞ്ഞ ആശങ്കയോടുകൂടിയാണ് നേതാക്കളും പ്രവർത്തകരും കാണുന്നത്.