പുതിയ റിമോട്ട് പള്‍സ് സെന്‍സറുകള്‍ എന്‍എച്ച്എസ് ആശുപത്രികളിലേക്ക്; ഇനി പരിശോധനകള്‍ രോഗികളുടെ ഉറക്കം കെടുത്തില്ല

പുതിയ റിമോട്ട് പള്‍സ് സെന്‍സറുകള്‍ എന്‍എച്ച്എസ് ആശുപത്രികളിലേക്ക്; ഇനി പരിശോധനകള്‍ രോഗികളുടെ ഉറക്കം കെടുത്തില്ല
September 30 06:19 2018 Print This Article

ബീപ്പുകളും അലാമുകളുമൊക്കെയായി ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞ വാര്‍ഡുകള്‍ ഇനി അന്യമാകുന്നു. എന്‍എച്ച്എസ് ആശുപത്രികളില്‍ രോഗികള്‍ക്ക് ഇനി പരിശോധനകളുടെ പേരില്‍ ഉറക്കം നഷ്ടമാകില്ല. രോഗികളെ ഉണര്‍ത്താതെ തന്നെ അവരുടെ വൈറ്റലുകള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന വോള്‍ മൗണ്ടഡ് മോണിറ്ററുകള്‍ ആശുപത്രികളില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് എന്‍എച്ച്എസ്. ഈ ഉപകരണം രോഗികളുടെ വൈറ്റലുകള്‍ ഓട്ടോമാറ്റിക്കായി ശേഖരിക്കും. രോഗികളുടെ പള്‍സ്, ബ്രീതിംഗ് നിരക്ക് എന്നിവ ത്വക്കിനുണ്ടാകുന്ന ഏറ്റവും നേരിയ നിറവ്യത്യാസം നിരീക്ഷിച്ച് കണ്ടെത്തുന്ന റോബോട്ടിക് സോഫ്റ്റ് വെയറാണ് ഇത്. ലോകത്താദ്യമായി ഇതിന്റെ ഉപയോഗത്തിന് യുകെ റെഗുലേറ്റര്‍മാരാണ് അനുമതി നല്‍കിയിരിക്കുന്നത്.

ഈ പുതിയ ഡിജിറ്റല്‍ കെയര്‍ അസിസ്റ്റന്റ് അല്‍ഗോരിതത്തിനൊപ്പം ഉപയോഗിക്കുന്നത് ഒരു ഇന്‍ഫ്രാറെഡ് ക്യാമറയാണ്. അതുകൊണ്ടുതന്നെ രാത്രിയില്‍ വെളിച്ചമില്ലെങ്കിലും ഇത് പ്രവര്‍ത്തിക്കും. രോഗികളെ ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിച്ച് പരിശോധനകള്‍ നടത്തുകയെന്ന തലവേദനയില്‍ നിന്ന് ജീവനക്കാര്‍ക്കും മോചനമാകും. 2016ല്‍ നടത്തിയ ഒരു പഠനത്തില്‍ എന്‍എച്ച്എസ് വാര്‍ഡുകളിലെ 37 ശതമാനം രോഗികള്‍ ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ടുള്ള പരിശോധനകളില്‍ അതൃപ്തരാണെന്ന് കണ്ടെത്തിയിരുന്നു. വാര്‍ഡുകളിലെ ശബ്ദമലിനീകരണം പുലര്‍കാലങ്ങളില്‍ പോലും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചതിലും 20 ഡെസിബെല്‍ മേലെയാണെന്നും കണ്ടെത്തിയിരുന്നു.

പരിശോധനകള്‍ക്കായി എത്തുന്ന ജീവനക്കാരാണ് വാര്‍ഡുകളില്‍ ശബ്ദശല്യം ഏറെയും ഉണ്ടാക്കുന്നത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് നാലു മണിക്കൂറുകള്‍ക്കിടെ പരിശോധനകള്‍ നടത്തണമെന്ന മാനദണ്ഡം നിലവിലുള്ളതിനാലാണ് നിരന്തരം ജീവനക്കാര്‍ക്ക് വാര്‍ഡുകളില്‍ എത്തേണ്ടി വരുന്നത്. ചില രോഗികള്‍ക്ക് ഓരോ മണിക്കൂറിലും പരിശോധന ആവശ്യമായി വരാറുണ്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ അനുബന്ധ കമ്പനിയായ ഓക്‌സ്‌ഹെല്‍ത്ത് ആണ് ഈ സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. ഫോട്ടോപ്ലെത്തിസ്‌മോഗ്രാഫിയെന്ന സാങ്കേതികത ഉപയോഗിച്ച് ഹൃദയസ്പന്ദനത്തിന് അനുസരിച്ച് മനുഷ്യന്റെ ത്വക്കിനുണ്ടാകുന്ന നിറവ്യതിയാനം പരിശോധിക്കുകയാണ് ഇത് ചെയ്യുന്നത്. നെഞ്ചിന്റെ ചലനം നിരീക്ഷിച്ച് ശ്വസന നിരക്കും ഇത് കണക്കാക്കുന്നു. നിലവില്‍ ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി മാത്രമേ ഈ ഉപകരണത്തിന് ലഭിച്ചിട്ടുള്ളു.

  Article "tagged" as:
nhs
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles