ലണ്ടന്‍: പുതുതായി അവതരിപ്പിക്കുന്ന വിസാ നിയമങ്ങള്‍ ബ്രിട്ടനില്‍ വിദേശ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. വിദേശത്ത് നിന്നുളള റിക്രൂട്ട്‌മെന്റ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് വിസാനിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കിയത്. എന്നാലിത് രാജ്യത്തെ ആരോഗ്യമേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അസോസിയേഷന്‍ വിലയിരുത്തുന്നത്. വര്‍ഷം തോറും യൂകെയിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന 500ഓളം ഡോക്ടര്‍മാര്‍ക്ക് കുടിയേറ്റ ഉപദേശക സമിതിയുടെ പുതിയ ശുപാര്‍ശകള്‍ തിരിച്ചടിയാകുമെന്ന് ബിഎംഎ അദ്ധ്യക്ഷന്‍ ഡോ.മാര്‍ക്ക് പോര്‍ട്ടര്‍ കുടിയേറ്റ മന്ത്രി ജെയിംസ് ബ്രോക്കന്‍ഷെയറിന് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്ത് ഇന്‍ഡിപെന്‍ഡന്റ്ല്‍ പ്രസിദ്ധീകരിച്ചു.
ഇപ്പോള്‍ തന്നെ എന്‍എച്ച്എസില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത സ്ഥിതിയാണ്. പുതിയ കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്ന അസംതൃപ്തി പുതിയ വെല്ലുവിളിയാണ്. ഇവരില്‍ പലരും പുതിയ കരാറില്‍ ജോലി ചെയ്യാനുളള സാധ്യത വളരെ കുറവാണ്. കൂടുതല്‍ പേരും എന്‍എച്ച്എസ് വിടാനുളള തീരുമാനമാകും എടുക്കുകയെന്നാണ് സൂചന. ഇവയെല്ലാം തന്നെ എന്‍എച്ച്എസിന്റെ പുതിയ പല പദ്ധതികളെയും സാരമായി ബാധിക്കും. ഏഴ് ദിവസവും സേവനം നല്‍കുന്ന ആരോഗ്യവകുപ്പും 2020ഓടെ അയ്യായിരത്തിലേറെ ജിപിമാരെ നിയമിക്കാനുളള സര്‍ക്കാര്‍ നീക്കവും ഇതോടെ പാളുമെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്.

യുകെയിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് സ്‌പെഷ്യലൈസ് ചെയ്യണമെങ്കില്‍ റസിഡന്റ് ലേബര്‍ മാര്‍ക്കറ്റ് ടെസ്റ്റ് അഭിമുഖീകരിക്കണമെന്ന നിയമം കഴിഞ്ഞ മാസം മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി മുന്നോട്ട് വച്ചിട്ടുണ്ട്. സ്‌പെഷ്യലിസ്റ്റ് പരിശീലന പോസ്റ്റുകളിലേക്ക് ഇവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ മാത്രമേ അപേക്ഷിക്കാനാകൂ. ഈ പോസ്റ്റുകളിലേക്ക് ഇപ്പോള്‍ യുകെ, യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരെയാണ് ഏറെയും നിയമിക്കുന്നത്. എന്‍എച്ച്എസില്‍ തങ്ങള്‍ക്ക് താത്പര്യമുളള മേഖലയില്‍ തുടരുന്നതിന് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിദേശഡോക്ടര്‍മാരുടെ പരാതി. അതിനാല്‍ വേറെ എവിടെയെങ്കിലും പോയി തങ്ങള്‍ക്ക് ഇഷ്ടമുളള മേഖലയില്‍ ജോലി ചെയ്യാനൊരുങ്ങുകയാണ് ഇവരിലേറെയും.

ടയര്‍ 2 വിസകള്‍ക്കുളള ശമ്പള പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. മുപ്പതിനായിരം പൗണ്ടാണ് ഇതിന് വേണ്ട കുറഞ്ഞ വേതനം. എന്നാല്‍ തുടര്‍ പഠനം നടത്തുന്നവര്‍ക്ക് ഇത്രയും മണിക്കൂര്‍ ജോലി ചെയ്യാന്‍ സാധ്യമല്ല. അവര്‍ക്ക് പാര്‍ട്ട്‌ടൈം ജോലികള്‍ക്ക് മാത്രമേ സാധിക്കൂ. 2014 ആഗസ്റ്റ് മുതല്‍ 2015 ആഗസ്റ്റ് വരെ 3602 ഡോക്ടര്‍മാര്‍ക്കാണ് ടയര്‍ 2 വിസ നല്‍കിയത്. പുതിയ മാക് ശുപാര്‍ശകള്‍ ഡോക്ടര്‍മാര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. ബ്രിട്ടനില്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് ഇവര്‍ ആശങ്കാകുലരാണ്.

എന്നാല്‍ സമിതിയുടെ ശുപാര്‍ശകളില്‍ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. മതിയായ ജീവനക്കാരില്ലാത്തതിനാല്‍ വിദേശ നഴ്‌സുമാരുടെ നിയമനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം അടുത്തിടെ താത്ക്കാലികമായി പിന്‍വലിച്ചിരുന്നു. സമിതി ശുപാര്‍ശകള്‍ പരിശോധിച്ച് വരികയാണെന്നും സമയമാകുമ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.