രാജേഷ് ജോസഫ്

അവനവന് ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന് നന്മക്കായി ഭവിക്കണം. ലോകത്തിലെ ഏത് സംഭവങ്ങളോടും തന്റേതായ രീതിയിലുള്ള അഭിപ്രായം പ്രകടിപ്പിക്കുന്ന ഒരേ ഒരു ജനത കേരളത്തില്‍ ജനിച്ച മലയാളികളാണ്. ഈ ഭൂമിമലയാളത്തിലുള്ള ഏതൊരു കാര്യത്തെക്കുറിച്ചും കണ്ണും പൂട്ടി അഭിപ്രായം പറയുന്നവരുടെ സമൂഹം. തങ്ങള്‍ക്ക് അറിവില്ലാത്ത സംഭവങ്ങളെപ്പറ്റി വാചാലരാകുന്ന അനവധി സുഹൃത്തുക്കളെ നമുക്ക് ചുറ്റും കാണാന്‍ സാധിക്കും. ഒന്നും അറിയില്ലെങ്കിലും പ്രസ്തുത വിഷയത്തില്‍ താന്‍ പുലിക്ക് സമനാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ആപത്തിലേക്കാണ് വഴി നടത്തുന്നത്.

എസ്എസ്എല്‍സി പരീക്ഷക്ക് ശേഷം ഒരു പുസ്തകവും കൈ കൊണ്ട് തൊട്ട്തീണ്ടാത്ത വ്യക്തി നമ്മുടെയൊക്കെ ചാനല്‍ ചര്‍ച്ചകളില്‍ ആധികാരികമായി സംസാരിക്കുന്നത് കാണുമ്പോള്‍ പലപ്പോഴും കണ്ണ് തള്ളിപ്പോയ അവസ്ഥയാണ് നമ്മില്‍ പലര്‍ക്കും. പാശ്ചാത്യ സംസ്‌കാരത്തില്‍ ജീവിക്കുന്നവരുടെ ഏറ്റവും വലിയ ഗുണമായി നാം കാണുന്നത് അവര്‍ക്ക് വ്യക്തമായി അറിവുള്ള, ബോധ്യമുള്ള കാര്യങ്ങളില്‍ മാത്രമേ അവരുടെ അഭിപ്രായം പ്രകടമാക്കുകയുള്ളു എന്നുള്ള വസ്തുതയാണ്. എന്നാല്‍ നമ്മള്‍ മലയാളികളാകട്ടെ വിശ്വസനീയമായ രീതിയില്‍ ഉദാഹരണ സഹിതം മറ്റുള്ളവരെയോ നമ്മെത്തന്നെയോ വഴി തെറ്റിച്ചുകൊണ്ടിരിക്കുന്നു. ഈ പുതുവത്സരത്തില്‍ അറിയാവുന്ന, ബോധ്യമുള്ള കാര്യങ്ങള്‍ക്കായി വാ തുറക്കാം. മറിച്ചാണെങ്കില്‍ വാ പൂട്ടി മൗനമായി ശ്രദ്ധിക്കാം. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ. 

അടുത്തിടെ വായിച്ച പുസ്തകത്തിലെ കഥ ഇവിടെ വിവരിക്കാം. കള്ളന്‍ സന്യാസിയുടെ ഭവനത്തില്‍ മോഷണത്തിനായി എത്തി. മോഷണശേഷം പിടികൂടിയ കള്ളനോട് സന്യാസി ചോദിച്ചു. നീ ചെയ്യുന്ന പ്രവൃത്തിയേക്കുറിച്ച് നിനക്ക് വ്യക്തമായ ബോധ്യമുണ്ടെങ്കില്‍ മോഷണ മുതലുമായി പൊയ്‌ക്കൊള്ളുക. തല്‍ക്കാലം കള്ളന്‍ രക്ഷപ്പെട്ടുവെങ്കിലും ഒരാഴ്ചക്ക് ശേഷം തിരികെയെത്തി പറഞ്ഞു, താങ്കള്‍ എന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. പൂര്‍ണ്ണ ബോധ്യത്തോടെ മോഷണം ചെയ്യാന്‍ എന്റെ മനസും ശരീരവും അനുവദിക്കുന്നില്ല.

ഈ പുതുവത്സരത്തില്‍ അറിയാവുന്ന, പൂര്‍ണ്ണമായ ബോധ്യമുള്ള കാര്യങ്ങള്‍ക്കായി വാ തുറക്കാം. മറിച്ചാണെങ്കില്‍ ശ്രദ്ധയോടെ ചെവിയോര്‍ക്കാം. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

രാജേഷ്‌ ജോസഫ്