പൗരത്വ നിയമ ഭേദഗതികെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജികൾ നിരസിക്കപ്പെട്ടാൽ ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങളും അതിനെതിരെ ശബ്ദമുയർത്തണമെന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം. പത്രത്തിന്റെ എഡിറ്റോറിയലിൽ, നിയമം വിവേചനപരവും ഇന്ത്യയുടെ ജനാധിപത്യത്തിന് ഭീഷണിയുമായതിനാലാണ് ഇത് വേണ്ടതെന്ന് വ്യക്തമാക്കുന്നു. മുസ്ലിങ്ങൾ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെ മുസ്ലിം പൗരന്മാർക്ക് പൗരത്വം നിഷേധിക്കുന്ന നിയമം പക്ഷെ, മുസ്ലിം ന്യൂനപക്ഷമായ ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ കാര്യത്തിൽ മൗനം അവലംബിക്കുന്നതായി എഡിറ്റോറിയൽ പറയുന്നു.

80 ശതമാനത്തോളം വരുന്ന ഹിന്ദു ജനതയെ അണിനിരത്തി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുകയാണ് നിയമത്തിലൂടെ മോദിയും ഉറ്റ അനുയായിയുമായ അമിത് ഷായും ലക്ഷ്യമിടുന്നത്. അതിനായി മുസ്ലീങ്ങളെ പാർശ്വത്കരിക്കാനാണ് നീക്കമെന്നും പത്രം പറയുന്നു. ആസാമിൽ പൗരത്വ രെജിസ്റ്റർ നടപ്പാക്കിയതോടെ 20 ലക്ഷത്തോളം വരുന്ന മുസ്ലിങ്ങൾ ഇപ്പോൾ രാജ്യമില്ലാത്തവരായി മാറിയിരിക്കുന്നു. ഇന്ത്യയിൽ ജനിച്ചു വളർന്നവർ ഇപ്പോൾ ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ട അവസ്ഥ വന്നു ചേർന്നിരിക്കുന്നു. അത് സാധിക്കാത്തവർക്കായി പ്രത്യേക ക്യാംപുകൾ ഒരുങ്ങുകയാണ്.
കഴിഞ്ഞ ആഗസ്റ്റ് മുതൽ കാശ്മീർ ഒറ്റപ്പെട്ട നിലയിലാണ്. ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് സേവനം നിരോധിച്ച രാജ്യമായി ഇന്ത്യ മാറിയതായും ന്യൂയോർക് ടൈംസ് പറയുന്നു.

2014ല്‍ അധികാരത്തിലെത്തിയത് മുതല്‍ മോദി സര്‍ക്കാര്‍ പടിപടിയായി നടപ്പാക്കി വരുന്ന ഹിന്ദുത്വ അജണ്ടക്കെതിരെ പൗരത്വ നിയമത്തിന്റെ വരവോടെ വലിയ പ്രതിഷേധം പടര്‍ന്നിരിക്കുകയാണെന്ന് പത്രം പറയുന്നു. ഒറ്റനോട്ടത്തില്‍ യാതൊരു പ്രശ്‌നവും തോന്നാത്തതാണ് പൗരത്വഭേദഗതി നിയമം. അയല്‍രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്ന നിയമഭേദഗതി. പക്ഷെ ഇതിലെ പിശാച് ഒളിഞ്ഞിരിക്കുന്നത് രണ്ട് വിഷയങ്ങളിലാണ്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതസ്ഥര്‍ക്ക് മാത്രമാണ് ഈ ഭേദഗതി പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരമുളളത്. കൂടാതെ ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ മാത്രമാണ് പരിഗണിക്കുന്നതും.

മോദി ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആയിരകണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കി. പതിനായിരക്കണക്കിന് പേർക്ക് പലായനം ചെയേണ്ടതായും വന്നു. മോദി അധികാരത്തിൽ തുടരുന്നുവെങ്കിലും ഇന്ത്യയിലും പുറത്തും പടരുന്ന പ്രതിഷേധങ്ങൾ കാര്യങ്ങൾ അദ്ദേഹത്തിന് അത്ര സുഗമമാക്കില്ലെന്ന മുന്നറിയിപ്പോടെയാണ് എഡിറ്റോറിയൽ അവസാനിപ്പിക്കുന്നത്.