അവസാന കൊവിഡ് രോഗിയെയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ കൊവിഡിനെതിരായ പോരാട്ടത്തില്‍ നിന്ന് വിജയിച്ച് കയറി ന്യൂസിലാന്റ്. ഒരു കൊവിഡ് രോഗിയും നിലവില്‍ ഇല്ല എന്നതാണ് സത്യം. 48 മണിക്കൂറായി രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ രോഗമുക്തി നേടിയതായി കണക്കാക്കുന്നുവെന്നും രോഗിയെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

ഈ നാഴികക്കല്ല് ഒരു നല്ല വാര്‍ത്തയാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ആഷ്ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു. ‘ഫെബ്രുവരി 28-ന് ശേഷം ആദ്യമായി സജീവമായ കേസുകളൊന്നുമില്ലെന്നത് തീര്‍ച്ചയായും ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ്. എന്നാല്‍, നേരത്തെ പറഞ്ഞതുപോലെ, കോവിഡിനെതിരേ തുടരുന്ന ജാഗ്രത അനിവാര്യമാണ്. അതു തുടരും.’ – അദ്ദേഹം പറഞ്ഞു.

അതേസമയം, സ്വകാര്യത മുന്‍നിര്‍ത്തി അവസാന രോഗിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഓക്ക്ലാന്‍ഡിലെ ഒരു നഴ്സിംഗ് ഹോമില്‍ ഇവര്‍ ചികിത്സയിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1154 കോവിഡ് കേസുകളും 22 മരണങ്ങളുമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് 17 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. തിങ്കളാഴ്ച വരെ ഒരാഴ്ചയിലേറെയായി രാജ്യത്ത് സജീവ കേസ് ഒന്നു മാത്രമാണ് ഉണ്ടായിരുന്നത്.