വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ ഒന്‍പത് പേരെ കാണാനില്ലെന്ന് ഇന്ത്യന്‍ എംബസി. ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജീവ് കോഹ്‌ലിയും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ നല്‍കണമെന്ന് ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു എന്നാണ് ട്വീറ്റ് ചെയ്തത്. രണ്ട് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ ജീവന് വേണ്ടി മല്ലടിക്കുകയാണെന്നുമാണ് ഒവൈസിയുടെ ട്വീറ്റ്. തന്റെ ഒരു സുഹൃത്തിന്റെ സഹോദരനെ കാണാനില്ലെന്നും ഒവൈസി ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചു. കണ്ടെത്താന്‍ സഹായം വേണമെന്നാവശ്യപ്പെട്ടാണ് ഒവൈസി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.

ഭീകരാക്രമണത്തിന് ശേഷം ഒന്‍പത് ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഭീകരാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായി ന്യൂസീലന്‍ഡ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്.