പ്രസവവേദന മലബന്ധമെന്ന് തെറ്റിദ്ധരിച്ച് ഡോക്ടര്‍മാര്‍; നവജാതശിശു ഓക്‌സിജന്‍ കിട്ടാതെ മരിച്ചു

by News Desk 5 | December 7, 2017 5:18 am

സ്റ്റോക്ക്‌പോര്‍ട്ട്: പ്രസവവേദനയനുഭവപ്പെട്ട സ്ത്രീക്ക് മലബന്ധം മൂലമുണ്ടായ വേദനയാണ് അതെന്ന് ആശുപത്രി. ഇതുമൂലം പരിചരണം വൈകിയത് നവജാത ശിശുവിന്റെ മരണത്തിനാണ് കാരണമായത്. മാഞ്ചസ്റ്ററിലെ സ്റ്റോക്ക്‌പോര്‍ട്ടിലുള്ള സ്‌റ്റെപ്പിംഗ് ഹില്‍ ആശുപത്രി അധികൃതര്‍ ഈ സംഭവത്തില്‍ ക്ഷമാപണവുമായി രംഗത്തെത്തി. 2014 ജൂലൈയിലാണ് സംഭവം നടന്നത്. പ്രസവം താമസിച്ചതുമൂലം ഓക്‌സിജന്‍ ലഭിക്കാതെ ആവ എന്ന് പേരിട്ട കുഞ്ഞ് പിന്നീട് മരിച്ചു.

ജോവാന്‍ ഫരാര്‍ എന്ന സത്രീക്ക് അനുഭവപ്പെട്ട പ്രസവവേദനയാണ് ആശുപത്രി ജീവനക്കാര്‍ തെറ്റിദ്ധരിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ആശുപത്രി ക്ഷമാപണവുമായി രംഗത്തെത്തിയത്. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണ് ജോവാനും ജെയിംസ് ഫരാറും ആവശ്യപ്പെടുന്നത്. രണ്ട് കുട്ടികളുള്ള തനിക്ക് അനുഭവപ്പെട്ടത് പ്രസവവേദനയാണെന്ന് മനസിലായിരുന്നെന്ന് ജോവാന്‍ പറഞ്ഞു. എന്നാല്‍ സ്റ്റെപ്പിംഗ് ഹില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തനിക്ക് മലബന്ധം മൂലമുള്ള അണുബാധയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞു. വെറുതെ സമയം മെനക്കെടുത്താന്‍ എത്തിയിരിക്കുന്നുവെന്ന് ഒരു ഡോക്ടര്‍ പറഞ്ഞതായും ജോവാന്‍ പറഞ്ഞു.

രക്തസ്രാവം ഉണ്ടായപ്പോള്‍ മാത്രമാണ് പ്രസവം അടുത്തതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. എന്നാല്‍ അതിനിടെ കുഞ്ഞിന് ഗുരുതരമായ മസ്തിഷ്‌കത്തകരാറുകള്‍ സംഭവിച്ചിരുന്നു. പിന്നീട് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജൂലൈ 12 വരെ കുഞ്ഞ് ജീവനുവേണ്ടി പോരാടി. റോയല്‍ ഓള്‍ഡ്ഹാം ആശുപത്രിയിലെ ചികിത്സയിലൂടെ ഇനി കുഞ്ഞിനെ വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് മനസിലായതോടെ ഉപകരണങ്ങളുടെ സഹായം നിര്‍ത്താനുള്ള തീരുമാനം ഈ മാതാപിതാക്കള്‍ക്ക് എടുക്കേണ്ടി വന്നു. ഓക്‌സിജന്‍ ലഭിക്കാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Source URL: http://malayalamuk.com/newborn-baby-died-after-hospital-dismissed-labour-pains-as-constipation-read-more-httpmetro-co-uk20171206newborn-baby-died-hospital-dismissed-labour-pains-constipation-7138592itocbshare-tw/