ബ്രിട്ടനില്‍ മലയാളി നഴ്സിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സിനാണ് രോഗം. രാജ്യത്ത് ഇതുവരെ 144 പേരാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്. മഹാമാരിയെ നേരിടാന്‍ രാജ്യത്തെ ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് എലിസബത്ത് രാജ്ഞി ആവശ്യപ്പെട്ടു.

ഒമാനിൽ പ്രവാസി മലയാളിക്കു കോവിഡ് 19 സ്ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ അൻപത്തിമൂന്നുകാരനാണ് വൈറസ് ബാധിതനായത്. പനിയും ചുമയും കാരണം പതിനാറാം തീയതി ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസിമലയാളിയാണ് രോഗബാധിതനായത്. ഇന്നലെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് അധികൃതർ താമസസ്ഥലത്തു നിന്നും ഇദ്ദേഹത്തെ ആശുപത്രയിലേക്കു മാറ്റി.

മലയാളിയുൾപ്പെടെ ഒൻപതുപേർക്കാണ് ഒമാനിൽ പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 48 പേരാണ് ആകെ രോഗബാധിതർ. 13 പേർ രോഗമുക്തി നേടി. അതേസമയം, ഇന്ത്യയടക്കം 10 രാജ്യങ്ങളിൽ നിന്നെത്തിയ 17 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി സൌദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 274 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യസുരക്ഷാ സംവിധാനങ്ങൾ, ഭക്ഷണം ഉൾപ്പെടെയുള്ള അത്യാവശ്യസാധനങ്ങൾഎന്നിവയെല്ലാം ഒരുക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.

ഖത്തറിൽ വൈറസ് ബാധയുടെ സാമൂഹ്യവ്യാപനം നടന്നത് പ്രവാസി തൊഴിലാളികളിലൂടെയാണെന്നു ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. 460 പേരാണ് ഖത്തറിൽ രോഗബാധിതരായത്. കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി ഓഗസ്റ്റ് മൂന്ന് വരെ നീട്ടി. അതേസമയം, മക്കയും മദീനയും ഒഴികെ ഗൾഫിലെ ഭൂരിപക്ഷം പള്ളികളിലും ഇന്നു വെള്ളിയാഴ്ച നമസ്കാരം ഉണ്ടായിരിക്കില്ല.

ലോകത്താകെ കോവിഡ് മരണം പതിനായിരം കടന്നു. ഇതുവരെ 10,033 പേരാണ് മരിച്ചത്. രണ്ടുലക്ഷത്തി നാല്‍പ്പത്തി അയ്യായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണനിരക്കില്‍ ഇറ്റലി ചൈനയെ മറികടന്നു. 3,405 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം മരിച്ചത് 427പേര്‍. ചൈനയില്‍ മരണം 3,245 ആയി. ഇറാനില്‍ 1,284ഉം സ്പെയിനില്‍ 831ഉം ആണ് മരണസംഖ്യ.

കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ കാനഡയിലും സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള അതിര്‍ത്തി അടയ്ക്കുന്നതില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും. വരുന്ന രണ്ടാഴ്ച കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രതിരോധ നടപടികള്‍ ശക്തമാകുമ്പോഴും പോര്‍ച്ചുഗലില്‍ കോവിഡ് പടരുകയാണ്. രാജ്യത്ത് രണ്ടാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യന്തര അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്.