വയനാട് ദമ്പതികളുടെ കൊലപാതകത്തിന് പിന്നിലെ കാരണം ദുരൂഹം: യുവതിയുടെ ഫോൺ കൊലയാളിയുടെ കയ്യിൽ, ഈ ക്രൂര കൊലപാതകം മോഷണ ശ്രമത്തിനു പിന്നിലെ വ്യക്തിവൈരാഗ്യമോ ?

വയനാട് ദമ്പതികളുടെ കൊലപാതകത്തിന് പിന്നിലെ കാരണം ദുരൂഹം: യുവതിയുടെ ഫോൺ കൊലയാളിയുടെ കയ്യിൽ, ഈ ക്രൂര കൊലപാതകം മോഷണ ശ്രമത്തിനു പിന്നിലെ വ്യക്തിവൈരാഗ്യമോ ?
July 10 14:06 2018 Print This Article

വയനാട് വെള്ളണ്ട മക്കിയാട് യുവദമ്പതികളെ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ചുരുളഴിക്കാനുളള തീവ്രശ്രമത്തിലാണ് പൊലീസ്. മോഷണശ്രമത്തിനിടെ കൊലപാതകം എന്നായിരുന്നു പ്രാഥമിക നിഗമനം. ഏഴു പവൻ സ്വർണ്ണം മാത്രമാണ് യുവതിയുടെ പക്കൽ നിന്നും നഷ്ട്ടപ്പെട്ടിട്ടുള്ളത്. വളയും മാലയുമാണ് നഷ്ടപ്പെട്ടത്. കമ്മലും മോതിരവും മോഷണം പോയിട്ടില്ല. ഇതിനു വേണ്ടി രണ്ടു പേരെ ഹീനമായ രീതിയിൽ കൊല ചെയ്യുമോ എന്നാണ് പൊലീസിന് മുന്നിലുള്ള ചോദ്യം.

സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന വീടായതിനാൽ മോഷണ ശ്രമമെന്നതിനേക്കാൾ വ്യക്തിവൈരാഗ്യമാകാം കൊലപാതകത്തിനു പിന്നിലെന്ന സാധ്യതയും പൊലീസ് തളളുന്നില്ല. വെള്ളമുണ്ട കണ്ടത്തുവയലില്‍ പന്ത്രണ്ടാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന്‍ ഉമ്മര്‍ ഭാര്യ ഫാത്തിമ എന്നിവരെയാണ് വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലപാതകം നടന്ന വീട്ടിൽനിന്നു കണ്ടെത്തിയ ഹെൽമറ്റും ചീപ്പും രാസ, ഡിഎൻഎ പരിശോധനയ്ക്കയച്ചു. കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊബൈൽ ഫോൺ കൊലയാളി കൈക്കലാക്കിയെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഫാത്തിമയുടെ മൊബൈൽ മാത്രം എടുത്തതെന്തിനെന്ന കാര്യത്തിൽ വ്യക്തത വന്നാൽ കൊലയാളിയിലേക്കുള്ള ദൂരം കുറയും. പൈപ്പ് പോലെ കട്ടിയുള്ള ആയുധം കൊണ്ട് തലയ്ക്കടിച്ചാണെന്ന് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടത്തിയിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതക രീതി തെളിഞ്ഞത്.

പൈപ്പ് പോലെ കട്ടിയുള്ള ആയുധം ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരുടെയും തലയോട്ടി സാരമായി തകര്‍ന്നു. ദേഹത്തും ചെറിയ മുറിവുകൾ ഉണ്ട്. ഇരട്ടക്കൊലപാതകത്തിൽ തുമ്പുതേടി ഐജിയും ഉന്നത ഉദ്യോഗസ്ഥരും മക്കിയാട് പൂരിഞ്ഞിയിലെത്തിയിരുന്നു.

കൊലപാതകം നടന്ന വീട്ടിൽനിന്നു കണ്ടെത്തിയ ഹെൽമറ്റും ചീപ്പും രാസ, ഡിഎൻഎ പരിശോധനയ്ക്കയച്ചു.മൊബൈൽ ഫോൺ കണ്ടെത്തുന്നതിനു സൈബർ സെൽ വിഭാഗം പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. കൊലയാളികളെ കണ്ടെത്താൻ ശാസ്ത്രീയപരിശോധന നടത്തുമെന്ന് ഐജി ബൽറാംകുമാർ ഉപാധ്യായ പറഞ്ഞു.

മാതാവ് ആയിഷയാണ് ഇളയമകൻ ഉമ്മറിന്റെയും ഭാര്യ ഫാത്തിമയുടെയും മൃതദേഹം ആദ്യം കണ്ടത്. മൂത്ത മകൻ മുനീർ വിദേശത്തായതിനാൽ രാത്രിയിൽ മുനീറിന്റെ ഭാര്യയ്ക്കു കൂട്ടുകിടക്കാൻ പോയതായിരുന്നു ആയിഷ. ആയിഷയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽക്കാരും ബന്ധുക്കളും ഓടിയെത്തി. മകന്റെയും മരുമകളുടെയും മൃതദേഹങ്ങൾ കണ്ട ആ മാതാവ് പിന്നീട് ബോധരഹിതയായി നിലത്തുവീണു.

കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഉമ്മറിന്റെ മൃതദേഹം. തൊട്ടടുത്തു തന്നെ മലർന്നു കിടക്കുന്ന നിലയിൽ ഫാത്തിമയുടെ മൃതദേഹവും കണ്ടെത്തി. വീടിന്റെ വരാന്തയിലുള്ള പ്രധാന വാതിൽ അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുറന്നുകിടന്ന അടുക്കളവാതിലിലൂടെയാണ് ആയിഷ അകത്തുകയറിയത്. ബലമില്ലാത്ത അടുക്കളവാതിൽ തള്ളിത്തുറന്നാവാം കൊലയാളി അകത്തെത്തിയതെന്ന സംശയത്തിലാണു പൊലീസ്. ഉമ്മറിനു പരിചയമുള്ളയാളുകളാരെങ്കിലും രാത്രിയിൽ വീട്ടിലെത്തിയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അടുക്കളവാതിലിനു സമീപം കൊലപാതകി മുളകുപൊടി വിതറിയതു പൊലീസ് അന്വേഷണം വഴിതെറ്റിക്കാനാണെന്നു സൂചന. കണ്ണിൽ മുളകുപൊടി വിതറി മോഷണം നടത്തുന്നതു ചില കള്ളന്മാരുടെ പതിവു ശൈലിയാണെന്നതിനാൽ കൊലയ്ക്കു പിന്നിൽ മോഷണമാണെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാൽ, സാഹചര്യത്തെളിവുകൾ കൂടി പരിശോധിച്ചശേഷം കൊല നടത്തിയവരുടെ ലക്ഷ്യം മോഷണമാകില്ലെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. പൊലീസ് നായയെ വഴിതിരിച്ചുവിടാനും മുളകുപൊടി ഉപയോഗിക്കാം. മണം പിടിച്ചെത്തിയ പൊലീസ് നായ മുളകുപൊടി വിതറിയ ഭാഗത്തേക്കു വന്നതുമില്ല. വീടിനു താഴെയുള്ള റോഡിൽനിന്നു സമീപത്തെ കവല വരെ ഓടിയ നായ തൊട്ടടുത്തുള്ള അങ്കണവാടിയുടെ മുൻപിലെ കലുങ്കിനടുത്തുനിന്നു തിരികെ വന്നു.

നാട്ടിൽ ആരോടും പ്രശ്നത്തിനു പോകാത്തവരാണ് ഉമ്മറും കുടുംബവുമെന്നു നാട്ടുകാർ പറയുന്നു. ആരോടും വ്യക്തിവൈരാഗ്യമുണ്ടാകാൻ വഴിയില്ല. മറ്റെന്താവും കൊലയ്ക്കു പ്രേരണ എന്ന് തല പുകയ്ക്കുകയാമ് നാട്ടുകാരും പൊലീസും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles