ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ് പുറത്തുപോയ പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ ലോകകപ്പ് പോലും സംശയത്തിലെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ പരിക്ക് അതീവ ഗുരുതരമാണെന്നും രണ്ട് മാസത്തോളം വിശ്രമം വേണ്ടി വരുമെന്നാണ് സ്പാനിഷ് ഫുട്‌ബോളിലെ മുന്‍നിര മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലീഗ് വണ്ണില്‍ ഓളിംപിക്കോ മാഴ്‌സെയുമായുള്ള മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. മാഴ്‌സെ താരം ബൗന സാറെ നെയ്മറില്‍ നിന്ന് പന്തെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് കാലിന്റെ ആങ്കിളിന് പരിക്കേറ്റത്. മെഡിക്കല്‍ സംഘമെത്തി പരിശോധിച്ച ശേഷം താരത്തെ സ്‌ട്രെച്ചറിലാണ് പുറത്തു കൊണ്ടുപോയത്. താരത്തിന്റെ പരിക്ക് പ്രതീക്ഷിച്ചതിലും ഗുരുതരമാണെന്നും ശസ്ത്രിക്രയ്ക്ക് ശേഷമാണ് വിശ്രമം എത്ര വേണെന്ന് നിശ്ചയിക്കാന്‍ സാധിക്കുകയൊള്ളൂവെന്നും സൂചനയുണ്ട്.

വലതു കാലിന്റെ ആങ്കിളിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമായില്ലെങ്കില്‍ താരത്തിന്റെ ലോകകപ്പ് പങ്കാളിത്തം സംശയത്തിലാണെന്നാണ് മാര്‍ക്കയില്‍ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത ജൂണില്‍ റഷ്യല്‍ വെച്ചാണ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പില്‍ ബ്രസീലിന്റെ സാധ്യതകളില്‍ 50 ശതമാനവും നെയ്മറിനെ ആശ്രയിച്ചാണെന്നിരിക്കേ കാനറി ആരാധകര്‍ക്ക് കനത്ത തിരിച്ചടിയാണ് താരത്തിന്റെ പരിക്ക് റിപ്പോര്‍ട്ട്.

അതേസമയം, അടുത്ത മാസം ആറിന് ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരേ നിര്‍ണായക മത്സരത്തില്‍ താരത്തിന് കളിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

പരിക്കേറ്റ് മൈതാനത്ത് വീണ് വേദനകൊണ്ട് പൊട്ടികരഞ്ഞ താരത്തെ ആശ്വസിപ്പിച്ച് സിദാന്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്തു വന്നിരുന്നു. ആരാധകര്‍ പേടിച്ചിരുന്ന അത്രയും പരിക്ക് താരത്തിന് പറ്റിയിട്ടില്ലെന്ന് ഇതിനിടയില്‍ പിഎസ്ജി പരിശീലകന്‍ ഉനയ് എംറി വ്യക്തമാക്കിയിരുന്നെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ ആശങ്കയുളവാക്കുന്നതാണ്. ആദ്യം നടത്തിയ പരിശോധനയില്‍ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് വ്യക്തമായത്. എന്നാല്‍, ഇക്കാര്യം ഉറപ്പ് വരുത്തണമെങ്കില്‍ ഇനിയും പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നായിരുന്നു മത്സര ശേഷം എംറി പറഞ്ഞത്.

ലീഗ് വണ്ണിന് പുറത്ത് യൂറോപ്പില്‍ പുതിയ അടയാളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകറെക്കോര്‍ഡ് തുകയ്ക്ക് ബാഴ്സലോണയില്‍ നിന്നും കഴിഞ്ഞ ഓഗസ്റ്റില്‍ നെയ്മറിനെ പിഎസ്ജി സ്വന്തമാക്കിയത്. എന്നാല്‍, താരത്തിനേറ്റ പരിക്കോടെ ആരാധകരുടെ സ്വപ്നമെല്ലാം തകര്‍ന്ന മട്ടാണ്. എങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. ആദ്യ പാദത്തില്‍ 3-1ന് തോറ്റ പിഎസ്ജിക്ക് അടുത്ത പാദത്തില്‍ 2-0ന് എങ്കിലും ജയിക്കണം.